Sorry, you need to enable JavaScript to visit this website.

യുവനടന്‍ ബ്രഹ്‌മ മിശ്ര മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍

മുംബൈ- മിര്‍സാപൂര്‍ എന്ന വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡിലെ യുവ നടന്‍ ബ്രഹ്‌മ മിശ്രയെ മുംബൈ വെര്‍സോവയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശുചിമുറിയില്‍ കിടക്കുന്ന നിലയില്‍ കണ്ട മൃതദേഹം ഭാഗികമായി അഴുകിയിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തോളമായി ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു 36കാരനായ മിശ്ര താമസിച്ചിരുന്നത്. മരണം ഹൃദായാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതക സൂചനകളും സാഹചര്യതെളിവുകളും ലഭിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് മിശ്രയെ പുറത്ത് കണ്ടത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പോലീസിന് വിവരമറിയിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭോപാലിലാണ് മിശ്രയുടെ കുടുംബം.

ആമസോണ്‍ പ്രൈമിലെ മിര്‍സാപൂര്‍ എന്ന സീരീസില്‍ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. ഹസീന്‍ ദില്‍റുബ (2021), കേസരി (2019), ചോര്‍ ചോര്‍ സൂപ്പര്‍ ചോര്‍ (2013) എന്നിവയാണ് ശ്രദ്ധേയ സിനിമകള്‍.

Latest News