ബന്ധപ്പെട്ടയാളുടെ അനുമതിയില്ലാതെ ഷെയർ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുതിയ നയങ്ങൾക്ക് വിരുദ്ധമാണെന്നും വ്യക്തികൾ ആവശ്യപ്പെട്ടാൽ അവ നീക്കം ചെയ്യുമെന്നും ട്വിറ്റർ അറിയിച്ചു.
വ്യക്തികളുടെ സമ്മതമില്ലാതെ വീടിന്റെ വിലാസം പോലുള്ള സ്വകാര്യ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിരോധിക്കുന്നതിനുള്ള നയങ്ങളുടെ വിപുലീകരണമാണ് പുതിയ നിയമം.
അതേസമയം, നിയമം വളരെ വിശാലമാണെന്നും ട്വിറ്ററിലെ സ്വതന്ത്രമായ ആവിഷ്‌കാരത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ബോധപൂർവം തടയാൻ ഇത് ഉപയോഗിക്കാമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
ചിത്രങ്ങൾ നീക്കം ചെയ്യുന്നതിനു മുമ്പ് അവ പോസ്റ്റ് ചെയ്ത സന്ദർഭം പരിഗണിക്കുമെന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. വാർത്താ വെബ്‌സൈറ്റുകളിൽ ചിത്രം പൊതുവായി ലഭ്യമാണോ, ഒരു പ്രത്യേക ചിത്രവും അതിനോടൊപ്പമുള്ള ട്വീറ്റ് ടെക്‌സ്റ്റും പൊതുതാൽപര്യത്തിന് അനിവാര്യമാണോ, സമൂഹത്തിൽ പ്രസക്തമാണോ തുടങ്ങിയ കാര്യങ്ങളാണ് പരിഗണിക്കുക.
ചിത്രീകരിക്കപ്പെട്ടിരിക്കുന്ന വ്യക്തികളോ അവരുടെ അംഗീകൃത പ്രതിനിധിയോ തങ്ങളുടെ ചിത്രങ്ങൾ പങ്കിടുന്നതിന് സമ്മതം നൽകിയിട്ടില്ലെന്ന് അറിയിച്ചാൽ മാത്രമാണ് ചിത്രം നീക്കുന്ന നടപടികളിലേക്ക് കടക്കുകയെന്ന് ട്വിറ്റർ പ്രസ്താവനയിൽ പറഞ്ഞു.
പെട്ടെന്നുള്ളതും ഞെട്ടിക്കുന്നതുമാണെന്നാണ് പുതിയ നയം പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ പ്രതികരണങ്ങൾ. നിരവധി പേർ പുതിയ നീക്കത്തെ എതിർത്ത് ട്വീറ്റ് ചെയ്തു.
സ്ത്രീകൾ, ആക്ടിവിസ്റ്റുകൾ, ഭിന്നശേഷിക്കാർ, ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങൾ തുടങ്ങിയവരെ ഉപദ്രവിക്കാനും ഭയപ്പെടുത്താനും ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് കമ്പനി അവകാശപ്പെട്ടു.
2014 മുതൽ വിവിധ രാജ്യങ്ങളിൽ സ്വകാര്യതക്കുള്ള അവകാശങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്നും ട്വിറ്ററിലെ എല്ലാവർക്കുമായി ആ പരിരക്ഷകളുടെ വിപുലീകരണമാണ് പുതിയ നയമെന്നും ട്വിറ്റർ വക്താവ് പറഞ്ഞു.
ഓൺലൈനിൽ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നുണ്ടെങ്കിലും പൊതുതാൽപര്യം കണക്കിലെടുത്തുള്ള ഫോട്ടോകളെ ബാധിക്കുമെന്ന് സ്ട്രീറ്റ് ഫോട്ടോഗ്രഫർ നിക്ക് ടർപിൻ അഭിപ്രായപ്പെട്ടു. പൊതുസ്ഥലങ്ങളിൽവെച്ച് സമ്മതമില്ലാതെ എടുക്കുന്ന വ്യക്തികളുടെ ഫോട്ടോകൾ ഇദ്ദേഹം ധാരാളമായി പ്രദർശിപ്പിക്കാറുണ്ട്. തന്റെ ട്വിറ്റർ ഫീഡിലുള്ള ഫോട്ടോകളിൽ പലതും പുതിയ നയത്തിന് അനുസൃതമല്ലെന്ന് അദ്ദേഹം പറഞ്ഞു. പൊടുന്നനെയാണ് ട്വിറ്റർ പുതിയ നയം പ്രഖ്യാപിച്ചതെന്നും ഇത് ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യ രാജ്യങ്ങളിലാണ് ബഹുഭൂരിഭാഗം ട്വിറ്റർ ഉപയോക്താക്കളും ജീവിക്കുന്നതെന്നും അവരെ സംബന്ധിച്ചിടത്തോളം പൊതുസ്ഥലങ്ങളിൽ നടക്കുന്ന കാര്യങ്ങൾ പ്രധാനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാൽ വലിയ പ്രതിഷേധം പോലുള്ള പൊതുപരിപാടികളുടെ ഫോട്ടോകൾ പുതിയ നയത്തിനു വിരുദ്ധമാകില്ലെന്ന് ട്വിറ്റർ വിശദീകരിച്ചു.