പട്ന - ബിഹാറിൽ പന്ത്രണ്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ കോപ്പിയടിച്ച ആയിരത്തോളം വിദ്യാർത്ഥികളെ പുറത്താക്കി. വെള്ളിയാഴ്ച്ചയാണ് വാർഷിക പരീക്ഷകൾ സമാപിച്ചത്. ഇത്തവണ വിവിധ മാർഗങ്ങളിലൂടെ കോപ്പിയടിക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി എടുത്തതെന്ന് ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് ചെയർമാൻ ആനന്ദ് കിഷോർ അറിയിച്ചു. 25 വ്യാജ പരീക്ഷാ നടത്തിപ്പുകാരേയും പിടികൂടിയിട്ടുണ്ട്. പരീക്ഷിയിൽ കോപ്പിയടിക്കാൻ വിദ്യാർത്ഥികളെ സഹായിച്ച രക്ഷിതാക്കൾക്കെതിരെ കേസെടുത്തു. ഫെബ്രുവരി ആറിന് സംസ്ഥാനത്തെ 1,384 കേന്ദ്രങ്ങളിൽ തുടങ്ങിയ പരീക്ഷയ്ക്ക് 1,12,07,986 വിദ്യാർത്ഥികളാണ് ഹാജരായത്.
കഴിഞ്ഞ വർഷങ്ങളിൽ ബിഹാർ പരീക്ഷാ ബോർഡിന് മോശം പ്രതിച്ഛായയുണ്ടാക്കിയ കൂട്ട കോപ്പിയടികൾ വ്യാപകമായിരുന്നു. ഇത് ഈ വർഷം ഗണ്യമായി കുറക്കാൻ സാധിച്ചുവെന്നും ബോർഡ് ചെയർമാൻ പറഞ്ഞു. ഇത് ഇനി സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി ആർട്സിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് ലഭിച്ചത് 42കാരനായിരുന്നു. ഇയാൾ വയസ്സിൽ കൃത്രിമം കാണിച്ചാണ് പരീക്ഷ എഴുതിയതെന്ന് പിന്നീട് കണ്ടെത്തുകയും അറസ്റ്റിലാകുകയും ചെയ്തിരുന്നു.