കൊച്ചി-മരക്കാര്‍ ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കി ആരാധകര്‍. അര്‍ധരാത്രി മുതല്‍ തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിച്ചു. സിനിമ കാണാന്‍ തിയറ്ററില്‍ നടന്‍ മോഹന്‍ലാലും കുടുംബവുമെത്തി. പുലര്‍ച്ചെ 12.30ന് കൊച്ചിയിലെ തിയറ്ററിലാണ് മോഹന്‍ലാല്‍ സിനിമ കാണാനെത്തിയത്. മലയാള സിനിമയ്ക്ക് മരക്കാര്‍ ഒരു നല്ല മാറ്റം ആകട്ടെയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
'തീര്‍ച്ചയായും തിയറ്ററില്‍ കാണേണ്ട സിനിമ തന്നെയാണിത്. ഭാഗ്യവശാല്‍ സിനിമ തിയറ്ററിലെത്തിക്കാന്‍ പറ്റി. വളരെയധികം സന്തോഷം. മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ആദ്യമാണ്. ഈ സിനിമ തിയറ്ററില്‍ കാണാന്‍ ആഗ്രഹിച്ചയാളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ ദിവസം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ഥിക്കുന്നു'. സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്‍മാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദന്‍, ഹണിറോസ് തുടങ്ങിയ താരങ്ങളും തിയറ്ററില്‍ എത്തി.
ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. റിസര്‍വേഷനിലൂടെ മാത്രമായി ചിത്രം 100 കോടി നേടിക്കഴിഞ്ഞെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം.
കേരളത്തില്‍ 631 റിലീസിങ് സ്‌ക്രീനുകളാണ് ഉള്ളത്. കേരളത്തില്‍ ഇത്രധികം സ്‌ക്രീനുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നതും ആദ്യമായിട്ടാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വന്‍ താരനിരയുണ്ട് ചിത്രത്തില്‍.