Sorry, you need to enable JavaScript to visit this website.

മലയാളി നടിയുടെ ലൈംഗിക ആരോപണത്തില്‍ നടന്‍ അര്‍ജുന്‍ സര്‍ജയെ കുറ്റവിമുക്തനാക്കി പോലീസ്

ബംഗളൂരു- മലയാളിയായ നടി ശ്രുതി ഹരിഹരന്‍ ഉന്നയിച്ച ലൈംഗിക ആരോപണക്കേസില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം  തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയെ പോലീസ് കുറ്റവിമുക്തനാക്കി. ആരോപണത്തിന് തെളിവില്ലെന്ന് കാണിച്ച് ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് (എ.സി.എം.എം) കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു.
കന്നട, തമിഴ് സിനിമകളില്‍ സജീവമായ മനടിയാണ് പാലക്കാട് സ്വദേശിനിയായ ശ്രുതി ഹരിഹരന്‍.
ഷൂട്ടിംഗിനിടെ അര്‍ജുന്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. കബണ്‍ പാര്‍ക്ക് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അര്‍ജുനെ കുറ്റവിമുക്തനാക്കുകയാണെന്ന് പോലീസ് അറിയിച്ചു.
2018 ഒക്ടോബറിലാണ് നടി സാമൂഹിക മാധ്യമത്തിലൂടെ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരേ ആരോപണമുന്നയിച്ചതും പോലീസില്‍ പരാതി നല്‍കിയതും. 'വിസ്മയ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റിഹേഴ്‌സല്‍ സമയത്ത് അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം.
സിനിമയില്‍ അര്‍ജുന്റെ ഭാര്യയുടെ വേഷത്തിലാണ് ശ്രുതി ഹരിഹരന്‍ അഭിനയിച്ചത്. അര്‍ജുനെതിരേ ആരോപണമുയര്‍ന്നതിനു പിന്നാലെ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് (കെ.എഫ്.സി.സി.) ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയിരുന്നു.

 

Latest News