കോഴിക്കോട്- സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് മോഹന്‍ലാലിന്റെ ഈ ബിഗ് ബജറ്റ് ചിത്രം. ലോകമൊട്ടാകെയുള്ള റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി കളക്ഷന്‍ നേടിയത്. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. റിലീസിലും മരക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ് മരക്കാര്‍ റിലീസിനെത്തുന്നത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ നാളെ മുതല്‍ പ്രദര്‍ശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ചിത്രത്തിനുണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അങ്ങനെയാണ് റിസര്‍വേഷനിലൂടെ മാത്രമായി മരക്കാര്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹന്‍ലാലും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിട്ടുണ്ട്. മലയാളത്തില്‍ ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതല്‍ റിലീസിങ് സെന്ററുകളാണ് മരക്കാര്‍ നേടിയത്. കേരളത്തില്‍ 631 റിലീസിങ് സ്‌ക്രീനുകളാണുള്ളത്. ഇതില്‍ 626 റിലീസിങ് സ്‌ക്രീനിലും മരക്കാറാണ്. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. അതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളില്‍ ഒരു മലയാള സിനിമ പ്രദര്‍ശനത്തിന് ഇടം നേടുന്നത്.