വിജയ് മല്യയെ നാട്ടിലെത്തിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രം, നാല് വര്‍ഷം കടന്നുപോയെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ തിരികെ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണെന്നും അന്തിമ ഘട്ടത്തിലാണെന്നും ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു.

യു.കെയില്‍ അപ്പീല്‍ നല്‍കാനുള്ള എല്ലാ സാധ്യതകളും മല്യ ഉപയോഗിച്ചു കഴിഞ്ഞുവെന്ന് മന്ത്രാലയം വ്യക്തമാക്കി. മല്യയെക്കുറിച്ച് കേന്ദ്ര മന്ത്രാലയം നല്‍കിയ എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
മല്യയെ സുരക്ഷിതനായി കോടതിക്ക് മുന്നിലെത്തിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മല്യയെ തിരികെ ഇന്ത്യയില്‍ എത്തിക്കാനുള്ള രഹസ്യ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നത്.

കോടതിയലക്ഷ്യക്കേസിലെ ശിക്ഷയില്‍ സുപ്രീം കോടതി അവസാന അവസരം നല്‍കിയിരിക്കയാണ്. വിജയ് മല്യക്ക് നേരിട്ടെത്തിയോ അഭിഭാഷകന്‍ മുഖേനയോ തന്റെ വാദം കോടതിയില്‍ അവതരിപ്പിക്കാം. കേസില്‍ ഇനി ശിക്ഷ മാത്രമാണ് വിധിക്കാനുള്ളതെന്നും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസില്‍ ഇതിനോടകം വളരെയേറെ കാത്തിരുന്നു. നാലു വര്‍ഷമാണ് കടന്നു പോയതെന്നും കോടതി ചൂണ്ടിക്കാട്ടി. ജനുവരി പതിനെട്ടിന് കേസ് വീണ്ടും പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയെ കേസില്‍ അമിക്കസ് ക്യൂറിയായി നിയമിച്ചു.

 

Latest News