മുംബൈ- ദേശീയ തലത്തില്‍ പ്രതിപക്ഷ നേതൃനിരയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി തൃണമൂല്‍ അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ചൊവ്വാഴ്ച മുംബൈയിലെത്തും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ ശിവസേനാ തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തും. മുംബൈയിലെ വ്യവസായികളെ കണ്ട് ബംഗാളില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിലേക്ക് അവരെ മമത ക്ഷണിക്കുകയും ചെയ്യും.
കഴിഞ്ഞയാഴ്ച ദല്‍ഹി സന്ദര്‍ശന വേളയില്‍ കോണ്‍ഗ്രസ് നേതാക്കളെ മമത കണ്ടിരുന്നില്ല. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുമായാണ് തൃണമൂല്‍ ചര്‍ച്ചകള്‍ നടത്തിവരുന്നത്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മമതയേയും തൃണമൂലിനേയും കരുത്തുറ്റ പ്രതിപക്ഷ നേതൃത്വമായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളാണ് തൃണമൂലിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നവരുടെ നീക്കങ്ങള്‍. ഇതിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസില്‍ നിന്നുള്ളവരെ കൂട്ടത്തോടെ പാര്‍ട്ടിയിലെത്തിച്ചു കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിക്ക് സാന്നിധ്യമില്ലാതിരുന്ന മേഘാലയയില്‍ 17ല്‍ 12 കോണ്‍ഗ്രസ് എംഎല്‍എമാരെ ഒരു അട്ടിമറിയിലൂടെ പാര്‍ട്ടിയിലെത്തിച്ചതോടെ ഒരു സുപ്രഭാതത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി മാറിയിരുന്നു.