ഹൈദരാബാദ്- ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഏഴു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ശ്രീ വെങ്കടേശ്വര ഹാച്ചറീസിലാണ് സംഭവം. ആദ്യം നാല് പേരാണ് ടാങ്കിലിറങ്ങിയതെന്നും ഇവര്‍ തിരിച്ചു കയറാത്തതിനെ തുടര്‍ന്നാണ് മറ്റു നാല് പേര് കൂടി ഇറങ്ങിയതെന്നും പോലീസ് പറഞ്ഞു. ടാങ്കിനകത്തെ വിഷവാതകം ശ്വസിച്ച് ഏഴ് പേര് മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ചിറ്റൂര്‍ മൊറാം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന അടവെക്കല് കേന്ദ്രത്തിലെ അലാറം മുഴക്കിയതോടെ പ്രദേശവാസികള്‍ ഓടിയെത്തി. നാട്ടുകാര്‍ ടാങ്ക് തകര്‍ത്ത് തൊഴിലാളികളെ പുറത്തെടുത്തപ്പോള്‍ ഒരാള്‍ മരിച്ചിരുന്നു. അബോധാവസ്ഥയിലായിരുന്ന ബാക്കി ഏഴു പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മൂന്ന് പേരും ആശുപത്രിയില്‍ എത്തിച്ച ശേഷം മൂന്ന് പേരും മരിച്ചു. ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കുന്നതിനിടെ ആയിരുന്നു മൂന്നു പേരുടെ മരണം. രക്ഷപ്പെട്ട ശിവ എന്നയാളാണ് ആശുപത്രിയിലുള്ളത്.
രെദ്ദപ്പ, രാമചന്ദ്ര, കേശവ, രമേശ്, ഗോവിന്ദ സ്വാമി, ബാബു, വെങ്കട്ട് രാജു എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തൊഴിലാളികളെ ടാങ്കിനകത്ത് ഇറക്കുന്നതിനു മുമ്പ് അതിലെ വിഷവാതക സാഹചര്യം മനസ്സിലാക്കുന്നതില്‍ ഹാച്ചറീസ് സൂപ്പര്‍വൈസര്‍ക്ക് സാധിച്ചില്ലെന്നതാണ് ദുരന്ത കാരണമായി വിലയിരുത്തുന്നത്. ആറു മാസം കൂടുമ്പോള്‍ കമ്പനി ടാങ്ക് വൃത്തിയാക്കാറുണ്ട്. അശ്രദ്ധക്കും അലംഭാവത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹാച്ചറിയുടെ മാനേജര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് ആരോഗ്യമന്ത്രി ഡോ. കാമിനേനി ശ്രീനിവാസ് പറഞ്ഞു.