ന്യൂദല്‍ഹി- അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ച് പ്രകോപനമുണ്ടാക്കുമ്പോള്‍ ഇന്ത്യ സംയമനം പാലിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തിയില്‍ ശക്തമായ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.
കഴിഞ്ഞ 45 ദിവസത്തിനിടെ നിയന്ത്രണ രേഖയില്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ 20 പാക് സൈനികരെ വധിച്ചതായും ഇന്ത്യയുടെ 10 ജവാന്മാര് വീരമൃത്യു വരിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്കാന് സൈനിക മേധാവികള്‍ക്ക് സര്‍വ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് 28 സൈനികരെയാണ് നഷ്ടമായത്. എന്നാല്‍, ഈ കാലയളവില്‍ 138 പാക് സൈനികരെ വധിച്ചതായും 155 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
ഡിസംബര്‍ 23-ന് അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. നിരവധി പാക് സൈനികരെ വധിച്ചു. കഴിഞ്ഞ 45 ദിവസത്തിനിടെ പാക് സൈനിക മേധാവി രണ്ട് തവണ അതിര്‍ത്തി സന്ദര്‍ശിച്ചിരുന്നു. ഇതിനുപുറമെ സൈനിക കമാന്‍ഡര്‍ ലഫ്.ജനറല്‍. നദീം റാസ 15 തവണ അതിര്‍ത്തി പോസ്റ്റുകള്‍ സന്ദര്‍ശിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഗ്രാമപ്രദേശങ്ങളിലൂടെയുള്ള അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ ഗ്രാമീണ പ്രതിരോധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം പാക്കിസ്ഥാന് വെളിപ്പെടുത്താറില്ല. കാര്‍ഗില്‍ യുദ്ധത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം വെളിപ്പെടുത്താന്‍ പാക് സൈന്യം വിസമ്മതിച്ചിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന തിരിച്ചടികള്‍ ഭീകരരെയും ഭീതിയിലാക്കിയതായി പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.