തിരുവനന്തപുരം-വരികളിലെ പ്രത്യേകതകള്‍കൊണ്ടുതന്നെ മലയാള മനസുകളില്‍ എന്നെന്നും ഓര്‍മിക്കുന്ന പാട്ടുകളായിരുന്നു ബിച്ചു തിരുമലയുടേത്. എഴുതിയ പാട്ടുകളെല്ലാം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ഗാനങ്ങളും. ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച ബിച്ചു തിരുമല 70 ലും 80 ലും തീര്‍ത്തത് പാട്ടുകളുടെ പുതുവസന്തം. ഈണങ്ങള്‍ക്കനുസരിച്ച് അര്‍ത്ഥഭംഗി ഒട്ടും ചോരാതെ സന്ദര്‍ഭത്തിന് ചേരും വിധമുള്ള അതിവേഗപ്പാട്ടെഴുത്തായിരുന്നു ഈ രചയിതാവിന്റെ പ്രധാന സവിശേഷത.
ഏതൊരാളുടേയും മനസ്സിലേക്ക് അതിവേഗമെത്തുന്ന ലളിതമായ വാക്കുകളായിരുന്നു ബിച്ചുതിരുമലയുടെ മുഖമുദ്ര. ശ്യാം, എടി ഉമ്മര്‍, രവീന്ദ്രന്‍, ദേവരാജന്‍, ഇളയരാജ അടക്കമുള്ളവരുമായി ബിച്ചു തീര്‍ത്തത് ഹിറ്റ് പരമ്പരകള്‍. കുഞ്ഞ് ഉറങ്ങണമെങ്കില്‍ ബിച്ചുവിന്റെ പാട്ട് നിര്‍ബന്ധമാകും വിധം തീര്‍ത്തത് താരാട്ടുപാട്ടുകളുടെ വിസ്മയം.
ബിച്ചു തിരുമലയുടെ ഈ ഗാനങ്ങള്‍ മലയാളി ഉള്ളിടത്തോളം കാലം മറക്കില്ല-
* ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാന്‍
* നക്ഷത്രദീപങ്ങള്‍ തിളങ്ങി, നവരാത്രി മണ്ഡപമൊരുങ്ങി
* ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ
* തേനും വയമ്പും
* വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍
* ആയിരം കണ്ണുമായ്
* പൂങ്കാറ്റിനോടും കിളികളോടും
* ആലാപനം തേടും തായ്മനം
* ആളൊരുങ്ങി അരങ്ങൊരുങ്ങി
* ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
* നക്ഷത്രദീപങ്ങള്‍ തിളങ്ങി
* ഒരു മധുരക്കിനാവിന്‍ ലഹരിയിലേതോ
* ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍
* ഓര്‍മയിലൊരു ശിശിരം
* കണ്ണാംതുമ്പീ പോരാമോ
* കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി
* കണ്ണും കണ്ണും കഥകള്‍ കൈമാറും
* കിലുകില്‍ പമ്പരം
* കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ
* നീര്‍പളുങ്കുകള്‍ ചിതറി വീഴുമീ
* ആലിപ്പഴം പെറുക്കാം പീലിക്കുട നിവര്‍ത്തീ
* പാതിരാവായി നേരം
* പാവാട വേണം മേലാട വേണം
* ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിച്ചുവെങ്കില്‍
* വെള്ളിച്ചില്ലും വിതറി
* പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി
* പ്രായം നമ്മില്‍ മോഹം നല്‍കി
* നീയും നിന്റെ കിളിക്കൊഞ്ചലും
* മകളേ പാതി മലരേ
* മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണി
* മഞ്ഞിന്‍ ചിറകുള്ള വെളളരി പ്രാവേ
* മിഴിയോരം നനഞ്ഞൊഴുകും
* മൈനാകം കടലില്‍ നിന്നുയരുന്നുവോ
* രാകേന്ദു കിരണങ്ങള്‍
* വൈക്കം കായലില്‍ ഓളം തല്ലുമ്പോള്‍
* ശാരോനില്‍ വിരിയും ശോശന്നപ്പൂവേ
* സമയരഥങ്ങളില്‍ ഞങ്ങള്‍
* സുരഭീയാമങ്ങളേ
* പാല്‍നിലാവിനും ഒരു നൊമ്പരം
* സ്വര്‍ണ മീനിന്റെ ചേലൊത്ത
* പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍
94ല്‍ ക്രിസ്മസ് തലേന്ന് മകന് വേണ്ടി പുല്‍ക്കൂട് ഒരുക്കാന്‍ വീടിന്റെ സണ്‍ഷേഡില്‍ കയറി വീണ ബിച്ചുവിന്റെ ബോധം വീണ്ടെടുത്തതും സ്വന്തം ഹിറ്റ് പാട്ട്. ഡോക്ടര്‍മാര്‍ ഓരോ പാട്ടുകളെ കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു. കണ്ണാന്തുമ്പി എഴുതിയാതാരാണെന്ന് ചോദ്യത്തിന് താന്‍ തന്നെയെന്ന് പറഞ്ഞ് അപകടം കഴിഞ്ഞ് പതിനൊന്നാം ദിവസം പാട്ടെഴുത്തിലേക്കും ജീവിതത്തിലേക്കും മടങ്ങി ബിച്ചുതിരുമല. എ ആര്‍ റഹ്മാന്‍ മലയാളത്തിലൊരുക്കിയ ഒരോയൊരു സിനിമയായ യോദ്ധയിലെ പാട്ടുമെഴുതിയത് ബിച്ചുതിരുമലയാണ്.
മൂവായിരത്തോളം സിനിമാപാട്ടുകളാണ് ഒരുക്കിയത്. ഒപ്പം സൂപ്പര്‍ഹിറ്റായ ലളിതഗാനങ്ങള്‍ വേറെയും. 1941ലാണ് ജനനം. യഥാര്‍ത്ഥ പേര് ബി ശിവശങ്കരന്‍നായര്‍. രണ്ട് തവണ സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു. വരികളിലെ ലാളിത്യമായിരുന്നു എന്നും അദ്ദേഹത്തിന്റെ ജീവിതത്തിലും ജീവിതത്തിലും. വഴുതക്കാടും ശാസ്തമംഗലത്തുമെല്ലാം നടന്നും ഓട്ടോയില്‍ സഞ്ചരിച്ചുമെല്ലാം സാധാരണക്കാരനില്‍ സാധാരണക്കാരനായി ജീവിച്ച അസാമാന്യ പാട്ടെഴുത്തുകാരന്‍ ബിച്ചുതിരുമലക്ക് വിട.
മലയാള സിനിമയുടെ സുവര്‍ണ കാലമെന്ന് വിശേഷിപ്പിക്കുന്ന 80 കളിലും 90 കളിലും സിനിമാ പോസ്റ്ററില്‍ ബിച്ചു തിരുമല എന്നു കണ്ടാല്‍ ആസ്വാദകര്‍ക്ക് തൃപ്തരായിരുന്നു. ജനകീയ സംവിധായകന്‍ ഐ.വി ശശിയുടെ ആദ്യകാല സിനിമകളുടെ സവിശേഷത ബിച്ചു തിരുമല -എ.ടി ഉമ്മര്‍ കോമ്പോ ഒരുക്കിയ ഹൃദ്യ ഗാനങ്ങള്‍ അതിലുണ്ടാവുമെന്നതായിരുന്നു.