ചണ്ഡീഗഡ്- ഇടവേളയ്ക്കു ശേഷം വീണ്ടും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ് സിദ്ദു. സംസ്ഥാനത്തിന് ഭീഷണിയായ മയക്കുമരുന്ന് പ്രശ്‌നത്തെ കുറിച്ചും 2015ല്‍ സിഖ് വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ച സംഭവത്തെ കുറിച്ചുമുള്ള അന്വേഷണ റിപോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് സിദ്ദു ഭീഷണി മുഴക്കി. പാര്‍ട്ടി വിട്ട മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരെ സിദ്ദു ഉന്നയിച്ച പ്രശ്‌നങ്ങളിലൊന്നായിരുന്നു മയക്കുമരുന്ന് പ്രശ്‌നം.
'പാര്‍ട്ടി അധികാരത്തിലെത്തിയത് മയക്കുമരുന്ന് തുടച്ചുനീക്കുമെന്ന് വാഗ്ദാനം നല്‍കിയാണ്. ഇതു സംബന്ധിച്ച റിപോര്‍ട്ടുകള്‍ സര്‍ക്കാര്‍ പുറത്തു വിടുന്നില്ലെങ്കില്‍ ഞാന്‍ നിരാഹാരമിരിക്കും. എന്തുകൊണ്ടാണ് മുന്‍ മുഖ്യമന്ത്രി ഈ റിപോര്‍ട്ടുകളിന്‍മേല്‍ അടയിരുന്നതെന്ന് അറിയണം. ഈ സര്‍ക്കാര്‍ ഇതു തുറക്കണം. റിപോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെ കോടതി തടഞ്ഞിട്ടില്ല'- മോഗയില്‍ ഒരു റാലിയില്‍ സിദ്ദു പറഞ്ഞു. ലഹരി ദുരുപയോഗം സംബന്ധിച്ച സംസ്ഥാന ഏജന്‍സികളുടെ അന്വേഷണ റിപോര്‍ട്ടുകള്‍ സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതിയിലും സര്‍ക്കാരിനും സമര്‍പ്പിച്ചതാണ്. ഇവയിലെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തണമെന്നാണ് സിദ്ദുവിന്റെ ആവശ്യം.
അമരീന്ദറിനെ മാറ്റിയെങ്കിലും പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മുഖ്യമന്ത്രിയാകാനുള്ള സിദ്ദുവിന്റെ മോഹം തകര്‍ത്ത് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതോടെ സിദ്ദു തന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുമേല്‍ പയറ്റിക്കൊണ്ടിരിക്കുകയാണ്. ചന്നി അധികാരമേറ്റ് പുതിയ മന്ത്രിമാരെ തിരഞ്ഞെടുത്തതില്‍ സിദ്ദു തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി വിടുമെന്ന് വരെ ഭീഷണിപ്പെടുത്തുകയും തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഭീഷണിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. കേന്ദ്ര നേതൃത്വം ഇടപെട്ട് സിദ്ദുവിനും മുഖ്യമന്ത്രി ചന്നിക്കുമിടയിലെ പോര് അവസാനിപ്പിച്ചെങ്കിലും ഇരുവരും തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മ ഇപ്പോഴുമുണ്ട്.
അതേസമയം കോണ്‍ഗ്രസിനുള്ളിലെ ഈ പോര് മുതലെടുത്ത് അധികാരം പിടിക്കാനുള്ള നീക്കങ്ങളാണ് ആം ആദ്മി പാര്‍ട്ടി നടത്തിവരുന്നത്.