ന്യൂദല്‍ഹി- ബിജെപിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇനിയും കോണ്‍ഗ്രസിനെ കാത്തിരിക്കേണ്ടെന്ന നിലപാടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ഇതിന്റെ ഭാഗമായാണ് ബംഗാളിനു പുറത്ത് മറ്റു സംസ്ഥാനങ്ങളിലും തൃണമൂലിലെ ശക്തിപ്പെടുത്താന്‍ അവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. തൃപുരയിലും ഗോവയിലും ഹരിയാനയിലും ഏറ്റവുമൊടുവില്‍ മേഘാലയയിലും പാര്‍ട്ടിക്ക് കാലുറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണവര്‍. തൃണമൂലിന്റെ സാന്നിധ്യം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടൊപ്പം ഒരു അഖിലേന്ത്യാ രാഷ്ട്രീയ മുന്നേറ്റത്തിനും കോപ്പുകൂട്ടുകയാണ് തൃണമൂല്‍.
പ്രധാനമന്ത്രിയെ കാണാന്‍ ദല്‍ഹിയിലെത്തിയ മമത ബാനര്‍ജി വിവിധ പാര്‍ട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. തന്റെ യാത്ര പ്രധാനമന്ത്രി മോഡിയുടെ ലോക്‌സഭാ മണ്ഡലമായ യുപിയിലെ വാരണസിയിലും പ്രതിപക്ഷ ശക്തികേന്ദ്രമായ മുംബൈയിലും എത്തുമെന്നും മമത കഴിഞ്ഞ ദിവസം പറഞ്ഞു. ദല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളെ കാണുന്ന കൂട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണുന്നില്ലെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മമത നല്‍കിയ മറുപടിയില്‍ എല്ലാമുണ്ട്. 'അവര്‍ പഞ്ചാബ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലാണ്. ഞങ്ങള്‍ എന്തിന് എല്ലാ തവണയും സോണിയയെ കാണണം? അത് ഭരണഘടനാപരമായ നിബന്ധനയാണോ?' എന്നായിരുന്നു മമതയുടെ പ്രതികരണം.
മുഖ്യപ്രതിപക്ഷമെന്ന പേരുള്ള കോണ്‍ഗ്രസിന്റെ കാര്യത്തില്‍ മമത വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നാണ് അവരുടെ വാക്കുകള്‍ നല്‍കുന്ന സൂചന. മാത്രമല്ല പലയിടത്തും കോണ്‍ഗ്രസ് നേതാക്കളേയും അണികളേയും കൂടെ കൂട്ടിയാണ് തൃണമൂല്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്നതും. ഗോവ മുന്‍ മുഖ്യമന്ത്രി ലുസിഞ്ഞോ ഫലിറോ, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി, അസമിലെ കോണ്‍ഗ്രസ് കുലപതി സന്തോഷ് മോഹന്‍ ദേവിന്റെ മകളും മുന്‍ എംപിയുമായ സുസ്മിത ദേവ്, ഏറ്റവും ഒടുവില്‍ മുന്‍ മേഘാലയ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മ തുടങ്ങി നിരവധി പ്രമുഖരെയാണ് കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തി തൃണമൂലിലെത്തിച്ചത്. മുന്‍ ക്രിക്കറ്റ് താരം കൂടിയായ കീര്‍ത്തി ആസാദ്, അശോക് തന്‍വര്‍ എന്നിവരും ഒരാഴ്ചയ്ക്കിടെ തൃണമൂലിലേക്ക് ചേക്കേറിയ കോണ്‍ഗ്രസ് നേതാക്കളാണ്.
യുപിയില്‍ പാര്‍ട്ടിക്ക് സാന്നിധ്യമില്ലെങ്കിലും ബിജെപി തോല്‍പ്പിക്കാന്‍ സമാജ് വാദി പാര്‍ട്ടിയെ സഹായിക്കാന്‍ ഒരുക്കമാണെന്നും മമത പ്രഖ്യാപിച്ചിട്ടുണ്ട്. അഖിലേഷിന് സഹായം വേണമെങ്കില്‍ അത് നല്‍കുമെന്നു പറഞ്ഞ മമത മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചു. ഗോവയിലും ഹരിയാനയിലും ഞങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ പൊരുതട്ടെ. അവര്‍ക്കും വേണ്ടി പ്രചരണം നടത്തണമെങ്കില്‍ ഞങ്ങള്‍ സഹായിക്കും- മമത വ്യക്തമാക്കി.
മമതയും സോണിയയും തമ്മില്‍ നല്ല ബന്ധമാണ് ഉള്ളതെങ്കിലും ഇരുപാര്‍ട്ടികളിലേയും അടുത്ത തലമുറ നേതാക്കള്‍ക്കിടയില്‍ ഈ ബന്ധമില്ല. ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മമതയോടുള്ള വിരോധവും ഇരു പാര്‍ട്ടികളും തമ്മിലുള്ള അകലത്തിന് കാരണമാണ്.