ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ നേരത്തെ തന്നെ ആപ്പുകൾ ലഭ്യമാണെങ്കിലും ജനറൽ, സീസൺ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റും ബുക്ക് ചെയ്യാൻ സാധിക്കുന്ന പുതിയ മൊബൈൽ ആപഌക്കേഷൻ (യു.ടി.എസ് ആപ്പ്) ആരംഭിച്ചു.
ഈ ആപ്ലിക്കേഷനിലൂടെ യാത്രക്കാരന് പേപ്പർ ടിക്കറ്റും പേപ്പർ രഹിത ടിക്കറ്റും എടുക്കാനാകും. ദക്ഷിണ, പശ്ചിമ റെയിൽവേയ്ക്ക് കീഴിലെ സ്റ്റേഷനുകളിൽ മാത്രമേ പേപ്പർ രഹിത ടിക്കറ്റ് എടുക്കാനാവുകയുള്ളൂ. എന്നാൽ ഇന്ത്യൻ റെയിൽവേയുടെ ഏതു സ്റ്റേഷനുകളിലെ ആവശ്യങ്ങൾക്കും പേപ്പർ ടിക്കറ്റ് ഉപയോഗിക്കാം. ആൻഡ്രോയിഡ്/ വിൻഡോസ് സ്മാർട്ട് ഫോണുകളിൽ ആപ്പ് ലഭ്യമാകും. യാത്രക്കാരൻ റെയിൽവേ വാലറ്റിൽ (ആർ വാലറ്റ്) പണം നിക്ഷേപിക്കണം. ആർ വാലറ്റിൽ 100 രൂപ മുതൽ 5000 രൂപ വരെ നിക്ഷേപിക്കാം. തുടർന്ന് യാത്രയുടെ ആവശ്യമനുസരിച്ച് ആപ്പ് വഴി ബുക്ക് ചെയ്യാം. ആർ വാലറ്റ്, പേ ടിഎം, മൊബിക്വിക് എന്നിവ വഴി ടിക്കറ്റ് തുക നൽകാം.
ബുക്ക് ചെയ്യുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് ബുക്ക് ചെയ്ത് രണ്ടു മണിക്കൂർ മാത്രമായിരിക്കും ഉപയോഗിക്കാനാവുക. റദ്ദാക്കാൻ സാധിക്കില്ല. യാത്രക്കാരന് ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ മൊബൈലിൽ എസ്.എം.എസ് ആയി ലഭിക്കും. ഇതിന്റെ പ്രിന്റ് എടുക്കാതെ തന്നെ യാത്ര ചെയ്യാനാകും. ടിക്കറ്റ് പരിശോധനക്കു വരുമ്പോൾ യാത്രക്കാരൻ മൊബൈൽ ആപ്പിലെ ഷോ ടിക്കറ്റ് ഭാഗം കാണിച്ചാൽ മതിയാകും. പേപ്പർ ടിക്കറ്റ് എടുക്കുന്നവർ യാത്രയ്ക്കു മുമ്പായി ബുക്കിങ് വിവരങ്ങൾ സ്റ്റേഷനുകളിലെ കൗണ്ടറിൽ കാണിച്ച് ടിക്കറ്റ് പ്രിന്റ് എടുക്കണം. ആപ്പ് വഴി ബുക്ക് ചെയ്ത ശേഷം ഫോണിൽ ഇന്റർനെറ്റ് ബന്ധം വിഛേദിക്കപ്പെട്ടാൽ ആപ്പിലെ ഷോ ടിക്കറ്റ് ഭാഗം ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കും. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ല. അതിനാൽ ബുക്ക് ചെയ്ത ശേഷം മറ്റൊരാൾക്ക് അയച്ചു കൊടുക്കാനും സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് htttps://utonsmobile.indianrail.gov.in.