സമൂഹ മാധ്യമങ്ങളിൽ മുന്നിൽ നിൽക്കുന്ന ഫെയ്‌സ്ബുക്കിൽനിന്ന് കൗമാരക്കാരും യുവാക്കളും വിട്ടുപോകുകയാണെന്നും പ്രായമായവരിലാണ് ഇപ്പോൾ ഫെയ്‌സ്ബുക്കിന് പ്രിയമെന്നും റിപ്പോർട്ട്. സമൂഹ മാധ്യമങ്ങളിൽ തന്നെ സ്‌നാപ്ചാറ്റ് പോലുള്ള ആപ്പുകളിലേക്ക് യുവാക്കൾ കൂടുതൽ ആകൃഷ്ടരാകുന്നുവെന്നതാണ് കാരണമായി പറയുന്നത്.
ഈ വർഷം ബ്രിട്ടനിലെ 12 വയസ്സിനും 17 വയസ്സിനും ഇടയിലുള്ള സ്ഥിരം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 22 ലക്ഷമാവുമെന്നും 18 നും 24 നും ഇടയിലുള്ള സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 45 ലക്ഷമായി ചുരുങ്ങുമെന്നാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഇ-മാർക്കറ്റർ കണക്കാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴ് ലക്ഷം പേർ കുറയുമെന്നാണ് പ്രവചിക്കുന്നത്.
അതേസമയം 55 വയസ്സിന് മുകളിലുള്ളവർ ഈ വർഷത്തെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ മൊത്തം എണ്ണത്തിൽ രണ്ടാമതെത്തുകയും ചെയ്യും. ഇൻസ്റ്റാഗ്രാം സ്വന്തമാക്കിയതോടെ അവിടേക്ക് ചേക്കേറിയ യുവാക്കളെ സ്വന്തം വരുതിയിലാക്കാൻ ഫെയ്‌സ്ബുക്കിന് സാധിച്ചെങ്കിലും സ്‌നാപ് ചാറ്റ് ഫെയ്‌സ്ബുക്കിന് വെല്ലുവിളിയാണ്. ബ്രിട്ടനിൽ വലിയ വളർച്ചയാണ് സ്‌നാപ്ചാറ്റ് ആപ്ലിക്കേഷൻ കൈവരിച്ചത്.
ബ്രിട്ടനിലെ ഇതര സോഷ്യൽ നെറ്റ് വർക്കിങ് വെബ്‌സൈറ്റുകളിൽനിന്നും ആപ്പുകളിൽനിന്നുമുള്ള ഉപയോക്താക്കളെ ആകർഷിക്കുന്നതിൽ 43 ശതമാനം വളർച്ച നേടാൻ സ്‌നാപ്ചാറ്റിന് സാധിച്ചതായി ഇ മാർക്കറ്റർ അനലിസ്റ്റ് ബിൽ ഫിഷർ പറയുന്നു.
ഈ വർഷം 14 വയസ്സ് തികയുന്ന ഫെയ്‌സ്ബുക്കിന്റെ നീണ്ട കാലത്തെ വിജയകരമായ നിലനിൽപാണ് മുതിർന്നവർക്കിടയിൽ പ്രീതി വർധിക്കാനുള്ള മുഖ്യ കാരണമായി വിലയിരുത്തപ്പെടുന്നത്. 55 വയസ്സിന് മുകളിലുള്ള അഞ്ച് ലക്ഷം പുതിയ ഉപയോക്താക്കളെ ഫെയ്‌സ്ബുക്കിന് നടപ്പു വർഷം ലഭിക്കുമെന്നാണ് വിലയിരുത്തൽ. 55 വയസ്സിനും 64 വയസ്സിനും ഇടയിലുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം ഈ വർഷം 64 ലക്ഷത്തിലെത്തും. മുതിർന്നവർക്കിടയിൽ ഇന്റർനെറ്റ് ഉപയോഗം ശീലമായതും മക്കളുമായും ബന്ധുക്കളുമായും വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമെല്ലാം ബന്ധപ്പെടാൻ സാധിക്കുന്നതും മധ്യവയസ്‌കർക്കിടയിൽ സോഷ്യൽ മീഡിയയോട് താൽപര്യം വർധിക്കാൻ കാരണമായി.
പ്രായം മാനദണ്ഡമാക്കുമ്പോൾ ഉപയോക്താക്കളുടെ എണ്ണത്തിൽ വ്യത്യാസം വരുന്നുണ്ടെങ്കിലും സമൂഹ മാധ്യമ രംഗത്ത് പ്രഥമ സ്ഥാനം ഫെയ്‌സ്ബുക്കിന് തന്നെയാണ്. 3.26 കോടി സ്ഥിരം ഉപയോക്താക്കളാണ് ബ്രിട്ടനിൽ ഫെയ്‌സ്ബുക്കിനുള്ളത്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ എണ്ണം 1.57 കോടിയിൽ നിന്ന് 1.84 കോടിയായി വർധിക്കുമെന്നും സ്‌നാപ്ചാറ്റ് ഉപയോക്താക്കളുടെ എണ്ണം 1.48 കോടിയിൽ നിന്നും 1.62 കോടിയായി വർധിക്കുമെന്നും ട്വിറ്റർ ഉപയോക്താക്കളുടെ എണ്ണം 1.24 കോടിയിൽ നിന്നും 1.26 കോടിയായി വർധിക്കുമെന്നുമാണ് കരുതുന്നത്.
അതിനിടെ, കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സമൂഹ മാധ്യങ്ങൾക്കെതിരെ വിമർശനം ശക്തമാവുകയാണ്. കുട്ടികളെ കൂടി വരുതിയിലാക്കാൻ ഫെയ്‌സ്ബുക്ക് അടുത്തിടെ അവതരിപ്പിച്ച മെസഞ്ചർ കിഡ്‌സ് പ്ലാറ്റ്‌ഫോം അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമാണ്. കിഡ്‌സ് മെസഞ്ചർ ഉപയോഗിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ അമേരിക്കയിലെ ഒരു കൂട്ടം ശിശുക്ഷേമ വിദഗ്ധർ ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗിന് കത്തെഴുതിയിരുന്നു. സോഷ്യൽ മീഡിയ മൂലം കൗമാരക്കാരിലുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ തെളിവടക്കം വിശദമാക്കിക്കൊണ്ടായിരുന്നു ആ കത്ത്. ദി റോയൽ സൊസൈറ്റി ഓഫ് പബ്ലിക് ഹെൽത്ത് 11 മുതൽ 25 വയസ്സു വരെയുള്ള 1500 യുവാക്കളിൽ നടത്തിയ പഠനത്തിൽ ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ ആപ്ലിക്കേഷനുകൾ യുവാക്കളിൽ ആശങ്കയുൾപ്പെടെയുള്ള മാനസിക പ്രശ്‌നങ്ങൾ വളർത്തുന്നതാണെന്ന് കണ്ടെത്തി.
സോഷ്യൽ മീഡിയ ഉപയോഗത്തിൽനിന്ന് കുട്ടികളെ തടയുകയാണ് അവർ അഭിമുഖീകരിക്കുന്ന മിക്ക പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
സോഷ്യൽ മീഡിയയോട് അഡിക്ഷൻ കാണിക്കുന്ന കുട്ടികളെ ക്രമേണ പിന്തിരിപ്പിക്കാൻ ശ്രമിക്കണമെന്നും മറ്റുള്ളവരുമായി ഇടപഴകാൻ അവസരമൊരുക്കണമെന്നും ഇന്റർനെറ്റ് ഉപയോഗം ആരോഗ്യകരമാക്കുന്നതിനുള്ള ബോധവൽക്കരണം നടത്തണമെന്നുമാണ് വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ.