Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയയിൽ മന്ത്രിമാരും സ്റ്റാഫും തമ്മിലുള്ള സെക്‌സിന് വിലക്ക്

സിഡ്‌നി- മന്ത്രിമാരും അവരുടെ ജീവനക്കാരും തമ്മിൽ ലൈംഗിക ബന്ധം പാടില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ഉത്തരവിട്ടു. ഉപപ്രധാനമന്ത്രി ബർനബി ജോയ്‌സ് തന്റെ മുൻജീവനക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ഗർഭിണിയാകുകയും ചെയ്ത സംഭവം വിവാദമായതോടെയാണ് നടപടി. 24 വർഷമായി വിവാഹിതനും കാത്തലിക്ക് വിശ്വാസിയും കുടുംബ മൂല്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന ജോയസ് തന്റെ പ്രസ് സെക്രട്ടറിയുമായി അവിഹിത ബന്ധത്തിലേർപ്പെട്ടത് സർക്കാരിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഗർഭിണിയായ മുൻജീവനക്കാരി ഏപ്രിലിൽ പ്രസവിക്കാനിരിക്കുകയാണ്. 

സർക്കാരിനെ കുഴക്കുകയും ഭരണസഖ്യത്തിലെ ലിബറൽ പാർട്ടിയും ജോയസിന്റെ പാർട്ടിയായ നാഷണൽ പാർട്ടിയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാരിന്റെ രക്ഷയ്ക്കായി മന്ത്രിമാർക്കും ജീവനക്കാർക്കും പെരുമാറ്റ ചട്ടം ഏർപ്പെടുത്തിയത്. സർക്കാരിന്റെ ഭൂരിപക്ഷം അപകടത്തിലാകുമെന്നതിനാലാണ് ജോയസിനെ പുറത്താക്കാതിരുന്നത്.

കഴിഞ്ഞയാഴ്ച യു.എസ് കോൺഗ്രസ് ഏർപ്പെടുത്തിയതിനു സമാനമായ പെരുമാറ്റ ചട്ടങ്ങളാണ് മന്ത്രിമാർക്കും അവരുടെ ഉദ്യോഗസ്ഥർക്കും ഏർപ്പെടുത്തിയിരിക്കുന്നതെന്നും ടേൺബുൾ വ്യക്തമാക്കി. കൂടെ ജോലി ചെയ്യുന്നവരുമായി വിവാഹിതരോ അവിവാഹിതരോ ആയ മന്ത്രിമാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് മോശം തൊഴിൽ സംസ്‌കാരമാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്നും ടേൺബുൾ പറഞ്ഞു.  ഈ ചട്ടം ഇന്നു മുതൽ നിലവിൽ വന്നിട്ടുണ്ടെന്നും നാഷണൽ പാർട്ടി നേതാവെന്ന നിലയിലുളള ജോയ്‌സിന്റെ പദവി അദ്ദേഹം പരിഗണിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 

Latest News