കൊച്ചി- ചുരുളി സിനിമയിലെ തെറിവിളികളെക്കുറിച്ച് മാത്രം സംസാരിക്കാതെ മറ്റു കാര്യങ്ങളും കാണാന്‍ ശ്രമിക്കണമെന്ന് നടി ഗീതി സംഗീത.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായ ചുരുളി തെറിവിളികളെ തുടര്‍ന്ന് വിവാദം സൃഷ്ടിച്ചിരുന്നു. ചിത്രത്തില്‍ പെങ്ങള്‍ തങ്ക എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സിനിമയിലെ ചില ഭാഗങ്ങള്‍ കണ്ടാണ് ആളുകള്‍ വിമര്‍ശിക്കുന്നതെന്നും സിനിമ കാണട്ടെയെന്നും അവര്‍ പറയുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് തെറി പറയുന്ന സ്ത്രീകളുണ്ടെന്നും നടി പറയുന്നു.
സിനിമയുടെ ചില ഭാഗങ്ങള്‍ മാത്രം കണ്ടാണ് ആളുകള്‍ ചിത്രത്തെ വിമര്‍ശിക്കുന്നത്. ആളുകള്‍ സിനിമ കാണട്ടെ, തെറി മാറ്റി നിര്‍ത്തി മറ്റെന്തെങ്കിലും കാണാന്‍ പറ്റട്ടെയെന്നും ആഗ്രഹിക്കുന്നു. സിനിമയിലെ തെറി വിളികളെക്കുറിച്ച് മാത്രം സംസാരിക്കാതെ ആ ചിത്രം മുന്നോട്ടുവെക്കുന്ന ആശയം, സംവിധാനം, സൗണ്ട് എഫക്റ്റ്, ഛായാഗ്രഹണം, അഭിനയം ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങളുണ്ട്.
ചുരുളി തീയേറ്റര്‍ റിലീസിന് ഒരുങ്ങിയ ചിത്രമായിരുന്നു. അന്ന് ആ സിനിമ ചെയ്യുമ്പോള്‍ ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകുമെന്നോ ഒടിടിയിലേക്ക് ഒതുങ്ങുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല.
ചുരുളിയുടെ ഭാഷയെ കുറിച്ച് പലര്‍ക്കും പല അഭിപ്രായമാണ് ഉള്ളത്. സിനിമയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ താമസിക്കുന്ന ഒരു സ്ഥലമാണ് ചിത്രീകരിച്ചിരിക്കുന്നത്. അപ്പോള്‍ കുറ്റവാളികളുടെ ഭാഷ വളരെ സഭ്യമായിരിക്കണമെന്ന് നമുക്ക് ഒരിക്കലും ആവശ്യപ്പെടാന്‍ സാധിക്കില്ല. കാരണം എ സര്‍ട്ടിഫിക്കറ്റോട് കൂടി 18ന് മുകളില്‍ ഉള്ളവര്‍ക്ക് എന്ന് പറഞ്ഞു കൊണ്ടാണ് ആ സിനിമ തുടങ്ങുന്നത് തന്നെ. സിനിമ തുടങ്ങുമ്പോള്‍ തന്നെ ഭാഷ ഏകദേശം വ്യക്തമാകും. അത് ആ ഭൂമിക അവകാശപ്പെടുന്ന അവിടുത്തെ ആളുകളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അല്ലാതെ മനപ്പൂര്‍വ്വം തെറി പറയാന്‍ വേണ്ടി ചെയ്തതല്ല. അതല്ല സിനിമ ഉദ്ദേശിക്കുന്നത്. പിന്നെ ചുരുളിയിലെ തെറി മാത്രമല്ലാതെ മറ്റെന്തെല്ലാം സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ട്. അതേ കുറിച്ച് കൂടി സംസാരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാകണം- നടി പറഞ്ഞു.