ന്യൂദൽഹി- മോഡി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന ആവശ്യമുയരുന്നു. കാർഷിക പരിഷ്‌കരണ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചിരിക്കെ, പൗരത്വ ഭേദഗതി നിയമം (സി.എ.എ) വീണ്ടും ചർച്ചയാകുന്നു. കാർഷിക നിയമം പിൻവലിച്ച മോഡി സർക്കാരിന്റെ നടപടി മുസ്‌ലിം നേതാക്കൾ സ്വാഗതം ചെയ്തു. സി.എ.എ, യു.എ.പി.എ നിയമങ്ങൾ പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ ജനങ്ങളാണ് വലിയ ശക്തിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ദയൂബന്ദിലെ മൗലാന അർഷദ് മദനി പ്രതികരിച്ചു.
സർക്കാരിനും പാർലമെന്റിനുമാണ് ഏറ്റവും ശക്തിയെന്ന് കരുതുന്നത് തെറ്റാണ്. ജനങ്ങൾ ഒരിക്കൽ കൂടി അവരുടെ ശക്തി പ്രകടിപ്പിച്ചിരിക്കുന്നു. ജനകീയ പ്രതിഷേധത്തെ ഒരു ശക്തിക്കും തകർക്കാനാകില്ല. കർഷകരായ സഹോദരങ്ങളെ അഭിനന്ദിക്കുന്നുവെന്നും അർഷദ് മദനി പറഞ്ഞു. കർഷകരുടെ സമരത്തിന് വിത്ത് പാകിയത് സി.എ.എ വിരുദ്ധ സമരമാണ്. അർധരാത്രി പോലും സ്ത്രീകൾ തെരുവുകളിൽ സി.എ.എക്കെതിരെ സമരം ചെയ്തിരുന്നു. സമരം ചെയ്തവർക്കെതിരെ ഗുരുതരമായ കേസുകൾ എടുത്തു. എന്നാൽ ആ മുന്നേറ്റത്തെ തകർക്കാൻ സാധിച്ചില്ല. മുസ്‌ലിംകൾക്കെതിരായ നിയമങ്ങൾ പിൻവലിക്കണം. കാർഷിക നിയമങ്ങളിൽ മോഡി ശ്രദ്ധ പതിപ്പിച്ച പോലെ മുസ്്‌ലിംകൾക്കെതിരായ നിയമങ്ങളിലും ശ്രദ്ധിക്കണം. സി.എ.എ ഉടൻ പിൻവലിക്കണം. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് അന്ന് ജനങ്ങൾ വീടുകളിലേക്ക് മടങ്ങിയതെന്നും അർഷദ് മദനി ഓർമപ്പെടുത്തി.
സി.എ.എ പിൻവലിക്കണമെന്ന് ലഖ്‌നൗവിലെ ഇസ്്‌ലാം പണ്ഡിതൻ മൗലനാ സുഫിയാൻ നിസാമി ആവശ്യപ്പെട്ടു. രാജ്യത്തെ ഭരണഘടനയ്ക്ക് എതിരാണ് സി.എഎ. മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജനം പാടില്ലെന്നും സുഫിയാൻ നിസാമി ആവശ്യപ്പെട്ടു. സി.എ.എ, എൻ.ആർ.സി നിയമങ്ങൾ പിൻവലിക്കണമെന്ന് ജമാഅത്തെ ഇസ്്‌ലാമി പ്രസിഡന്റ് സയ്യിദ് സദത്തുല്ല ഹുസൈനി ആവശ്യപ്പെട്ടു. സി.എ.എ, യുഎ.പി.എ തുടങ്ങി ജനവിരുദ്ധമായ എല്ലാ നിയമങ്ങളും പിൻവലിക്കണമെന്ന് മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവായിദ് ഹാമിദ് പ്രതികരിച്ചു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സർക്കാരിനെതിരെ പുതിയ ആയുധങ്ങൾ ഒരുക്കുകയാണ് പ്രതിപക്ഷം. സി.എ.എ, കശ്മീരിന്റെ പ്രത്യേക പദവി എന്നീ കാര്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചേക്കും. എന്നാൽ ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭിന്നതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഈ വിഷയം ബി.ജെ.പിക്ക് കൂടുതൽ നേട്ടമുണ്ടാക്കുമെന്നാണ് ചില പ്രതിപക്ഷ പാർട്ടികൾ ആശങ്ക പ്രകടിപ്പിക്കുന്നത്. കാർഷിക നിയമം പോലെ ബി.ജെ.പിക്ക് തിരിച്ചടിയാകുന്നതല്ല സി.എ.എ, കശ്മീർ, യു.എ.പി.എ വിഷയങ്ങൾ എന്നും ഇവർ അഭിപ്രായപ്പെടുന്നു. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും ഈ ആവശ്യവുമായി രംഗത്തെത്തി. മോഡി സർക്കാർ ആദ്യമായി തിരുത്താൻ തയാറായത് ജനവിരുദ്ദ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്നുറപ്പാണ്.