ജയ്പൂര്‍- പുനഃസംഘടിപ്പിക്കുന്ന 30 അംഗ രാജസ്ഥാന്‍ മന്ത്രിസഭയില്‍ 13 പുതുമുഖങ്ങളും നേരത്തെ രാജിവച്ച 18 മന്ത്രിമാരും ഉള്‍പ്പെടും. ഇവരില്‍ 15 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വിമത നീക്കം നടത്തി കോണ്‍ഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കിയ മുന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റിന്റെ അനുയായികള്‍ക്കും പുതിയ മന്ത്രിസഭയില്‍ ഇടം ലഭിച്ചു. സചിന്‍ ക്യാമ്പിലെ അഞ്ചു പേര്‍ മന്ത്രിമാരാകും. പട്ടിക ജാതിക്കാരായ മൂന്ന് മുന്‍ സഹമന്ത്രിമാരെ ക്യാബിനെറ്റ് മന്ത്രിമാരാക്കി.
സചിന്‍ പൈലറ്റിനൊപ്പം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഹേമറാം ചൗധരി, ബ്രിജേന്ദ്ര സിങ് ഓല, മുരാരി ലാല്‍ മീണ എന്നിവരാണ് സചിന്‍ ക്യാമ്പില്‍ നിന്നും പുതിയ മന്ത്രിസഭയില്‍ ഇടം ലഭിച്ച മറ്റു മൂന്നുപേര്‍. ഇവരില്‍ ബ്രിജേന്ദ്രറും മുരാരി ലാലും സഹമന്ത്രിമാരാകും. മഹേന്ദ്രജിത് സിങ് മാളവ്യ, രാംലാല്‍ ജാട്ട്, മഹേഷ് ജോഷി, മമത ഭുപേഷ്, ടികാറാം ജൂലി, ഭജന്‍ ലാല്‍ ജാതവ്, ഗോവിന്ദ് റാം മേഘ്വാള്‍, ശകുന്തള റാവത്ത്, സാഹിദ ഖാന്‍, രാജേന്ദ്ര സിങ് ഗുധ എന്നിവരാണ് മറ്റു പുതുമുഖങ്ങള്‍.
അതേസമയം മുന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റിന് എന്തെങ്കിലും പദവി ലഭിക്കുമോ എന്നു വ്യക്തമല്ല. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിന്റെ ചുമതല രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സചിന്‍ പൈലറ്റിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ സചിന്റെ ശ്രദ്ധ രാജസ്ഥാനില്‍ തന്നെയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. അടുത്ത തവണ മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സചിന്‍.