അഫ്ഗാനില്‍ പ്രമുഖ ഡോക്ടറെ തട്ടിക്കൊണ്ടു പോയി കൊന്നു

കാബൂള്‍- അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ നിന്നും രണ്ടു മാസം മുമ്പ് തട്ടിക്കൊണ്ടു പോയ പ്രമുഖ ഡോക്ടര്‍ മുഹമ്മദ് നാദര്‍ അലെമിയെ അക്രമികള്‍ കൊലപ്പെടുത്തിയതായി കുടുംബം അറിയിച്ചു. മൂന്നര ലക്ഷം ഡോളര്‍ മോചനദ്രവ്യം നല്‍കിയെങ്കിലും ഡോക്ടറെ മോചിപ്പിച്ചില്ലെന്നും കുടുംബം പറഞ്ഞു. ഈ തുകയുടെ രണ്ടിരട്ടിയോളമാണ് തട്ടികൊണ്ടുപോയവര്‍ മേചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ചര്‍ച്ച നടത്തിയാണ് തുക ഉറപ്പിച്ചത്. പണം നല്‍കിയെങ്കിലും അക്രമികള്‍ ഡോക്ടര്‍ അലെമിയെ കൊന്ന് തെരുവില്‍ തള്ളിയെന്ന് മകന്‍ റുഹീന്‍ അലെമി പറഞ്ഞു. അക്രമികള്‍ വ്യാഴാഴ്ച കുടുംബത്തെ വിളിച്ച് മൃതദേഹം ഉപേക്ഷിച്ച ഇടത്തെ കുറിച്ചുള്ള വിവരം നല്‍കുകയായിരുന്നു.

സൈക്യാട്രിസ്റ്റായ ഡോ. അലെമി മസാറെ ശരീഫിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം ചെയ്തു വരികയായിരുന്നു. നഗരത്തിലെ ആദ്യ സ്വകാര്യ സൈക്യാട്രിക് ക്ലിനിക്കും ഡോ. അലെമിയുടേതായിരുന്നു. ഡോ. അലെമി ഉള്‍പ്പെടെ മൂന്ന് പേരെ തട്ടിക്കൊണ്ടു പോയവരെന്ന് സംശയിക്കുന്ന എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് താലിബാന്‍ സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം വക്താവ് സഈദ് ഖോസ്തി പറഞ്ഞു. തട്ടിക്കൊണ്ടുപോയ രണ്ടു പേരെ രക്ഷപ്പെടുത്തിയതായും എന്നാല്‍ ഡോക്ടറെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു പ്രതികള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയാണെന്നും എല്ലാവര്‍ക്കും ഇസ്ലാമിക് എമിറേറ്റ് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
 

Latest News