ന്യൂദല്‍ഹി- കര്‍ഷക സമരം സംബന്ധിച്ച് ബിജെപി നിലപാടില്‍ നിന്ന് ഭിന്നമായ നിലപാടുമായി പാര്‍ട്ടി എംപി വരുണ്‍ ഗാന്ധി വീണ്ടും രംഗത്ത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകിയെന്നും നേരത്തെ തന്നെ പിന്‍വലിച്ചിരുന്നെങ്കില്‍ 700 ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വരുണ്‍ ഓര്‍മപ്പെടുത്തി. നാലു പ്രധാന ആവശ്യങ്ങളുന്നയിച്ച് മോഡിക്ക് അദ്ദേഹം കത്തെഴുതുകയും ചെയ്തു. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിനിടെ മരിച്ചവര്‍ക്കെല്ലാം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക, കര്‍ഷകര്‍ക്കെതിരെ ചാര്‍ത്തിയ എല്ലാ രാഷ്ട്രീയ പ്രേരിത കള്ളക്കേസുകളും പിന്‍വലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുന്ന പദ്ധതി വിപുലപ്പെടുത്തുക എന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിക്കുക, ലഖിംപൂര്‍ ഖേരിയില്‍ അഞ്ചു കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിന്റെ ഉടമയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക എന്നീ നാല് ആവശ്യങ്ങളാണ് വരുണ്‍ പ്രധാനന്ത്രി മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്.
ലഖിംപൂരില്‍ കര്‍ഷകരെ കേന്ദ്ര മന്ത്രിയുടെ മകനുള്‍പ്പെട്ട സംഘം വാഹനം ഇടിച്ചു കയറ്റി കൊന്ന സംഭവത്തിനു ശേഷമാണ് വരുണ്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ വിമര്‍ശനം രൂക്ഷമാക്കിയത്. ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന പ്രഖ്യാപിച്ചതിനു പിന്നാലെ വരുണിനെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ബിജെപി കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചപ്പോള്‍ വരുണ്‍ ശക്തമായി എതിര്‍ക്കുകയും സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്തു.
ബിജെപിയുമായി പരസ്യ പോര് നടത്തുന്ന വരുണ്‍ വൈകാതെ പാര്‍ട്ടി വിടുമെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹമുണ്ട്.