Sorry, you need to enable JavaScript to visit this website.

ഐസൊലേഷനില്‍ കഴിയവെ വനിതാ ഡോക്ടര്‍മാരെ  പീഡിപ്പിച്ച രണ്ട് പുരുഷ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

ചെന്നൈ- കോവിഡ് ഡ്യൂട്ടിക്കിടെ വനിതാ സഹപ്രവര്‍ത്തകരെ പീഡിപ്പിച്ച രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ എസ്. വെട്രിസെല്‍വന്‍ (35), എന്‍. മോഹന്‍രാജ് (28) എന്നിവരാണ് പിടിയിലായത്. ഇരുവരും വ്യത്യസ്ത കേസുകളിലാണ് അറസ്റ്റിലായത്.
ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടി നോക്കുന്ന ഡോക്ടര്‍മാരെ ഐസൊലേഷന്‍ പ്രോട്ടോകോളിന്റെ ഭാഗമായി ടി. നഗറിലെ സ്വകാര്യ ഹോട്ടലിലാണ് സമ്പര്‍ക്കവിലക്കില്‍ താമസിപ്പിക്കുന്നത്. ഇത്തരത്തില്‍ ഹോട്ടലില്‍ താമസിക്കേണ്ടി വന്നപ്പോഴാണ് വനിതാ ഡോക്ടര്‍മാര്‍ക്കുനേരേ പ്രതികള്‍ ലൈംഗികാതിക്രമം നടത്തിയത്.
വ്യത്യസ്ത സംഭവങ്ങളിലായി വനിതാ ഡോക്ടര്‍മാരുടെ മുറികളില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു.
സംഭവങ്ങളെക്കുറിച്ച് വനിതാ ഡോക്ടര്‍മാര്‍ ഇരുവരും ആശുപത്രി ഡീനിന് വെവ്വേറെ പരാതി നല്‍കിയിരുന്നു. ജോലിസ്ഥലത്തെ ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ പരാതികള്‍ ശരിയാണെന്ന് കണ്ടെത്തിയതോടെ അവ പോലീസിന് കൈമാറി. തുടര്‍ന്നാണ് തേനാംപേട്ട പോലീസ് വെട്രിസെല്‍വനെയും മോഹന്‍രാജിനെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
 

Latest News