ന്യൂദല്‍ഹി- കര്‍താര്‍പൂര്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ ഗുരുദ്വാര കര്‍താര്‍പൂര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ പഞ്ചാബ് പ്രതിപക്ഷ നേതാവ് ഹര്‍പല്‍ സിങ് ചീമ ഉള്‍പ്പെടുന്ന ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എമാരുടെ സംഘത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. സിഖ് മതസ്ഥാപകന്‍ ഗുരു നാനകിന്റെ ജന്മവാര്‍ഷിക ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പാക്കിസ്ഥാനിലെത്താനായിരുന്നു എഎപി സംഘം അനുമതി തേടിയിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പഞ്ചാബില്‍ നിന്നുള്ള 21 ബിജെപി സംഘം കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെത്തിയിരുന്നു. സന്ദര്‍ശനത്തിന് അനുമതി ലഭിച്ചിട്ടില്ലെന്ന് പഞ്ചാബ് സര്‍ക്കാരാണ് തങ്ങളെ അറിയിച്ചതെന്നും സാധാരണ നടപടിക്രമങ്ങളിലൂടെ വീണ്ടും അപേക്ഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ഹര്‍പല്‍ സിങ് ചീമ പറഞ്ഞു.
കര്‍താര്‍പൂര്‍ സാഹിബിലെ ഗുരു നാനക് ജന്മവാര്‍ഷികാഘോഷത്തില്‍ നിന്നും എഎപിയെ മാറ്റി നിര്‍ത്താന്‍ ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് തങ്ങള്‍ക്ക് അനുമതി നിഷേധിച്ചതെന്ന് ആദ്ധേഹം ആരോപിച്ചു. ഗുരുപൂരബ് ദിവസം ഗുരുദ്വാരയില്‍ പ്രണാമം അര്‍പ്പിക്കുന്നതില്‍ നിന്ന് ആരെയെങ്കിലും തടയുന്നത് തെറ്റാണെന്നും ഇത്തരം രാഷ്ട്രീയ രാജ്യത്തിനും സമൂഹത്തിനും ഗുണം ചെയ്യില്ലെന്നും എഎപി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു.