ലഖ്നൗ- ഡാന്‍സ് പരിപാടി റദ്ദാക്കുകയും ടിക്കറ്റെടുത്തവര്‍ക്ക് പണം മടക്കി നല്‍കാതിരിക്കുകയും ചെയ്തതിന് പ്രമുഖ നര്‍ത്തകി സപ്ന ചൗധരിക്കെതിരെ കോടതിയുടെ അറസ്റ്റ് വാറന്റ്. അഞ്ചു ദിവസത്തിനകം സപ്നയെ അറസ്റ്റ് ചെയ്യണമെന്ന് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പാലീസിനോട് ഉത്തരവിട്ടു. നവംബര്‍ 22ന് കേസ് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ സപ്നക്കെതിരെ കുറ്റം ചുമത്താനിരിക്കുകയാണ്. ഇതിന് കോടതിയില്‍ സപ്നയുടെ സാന്നിധ്യം ആവശ്യമാണ്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സപ്ന നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
2018 ഒക്ടോബര്‍ 18നാണ് സപ്നക്കെതിരെ പോലീസ് കേസെടുത്തത്. ലഖ്നൗവിലെ സ്മൃതി ഉപവനില്‍ സംഘടിപ്പിച്ച നൃത്ത പരിപാടിക്ക് എത്താതിരുന്നതിനെ തുടര്‍ന്നായിരുന്നു കേസ്. സപ്നയ്ക്കു പുറമെ പരിപാടിയുടെ സംഘാടകരായ ജുനൈദ് അഹമദ്, നവീന്‍ ശര്‍മ, ഇവാദ് അലി, അമൃത് പാണ്ഡെ, രത്നാകര്‍ ഉപാധ്യയ് എന്നിവര്‍ക്കെതിരേയും കേസെടുത്തിരുന്നു. 300 രൂപയ്ക്കാണ് പരിപാടിയില്‍ പങ്കെടുക്കാനുള്ള ടിക്കറ്റ് ഇവര്‍ വില്‍പ്പന നടത്തിയത്. ടിക്കറ്റെടുത്ത ആയിരക്കണക്കിന് ആളുകള്‍ ഡാന്‍സ് പരിപാടി കാണാനെത്തിയെങ്കിലും നര്‍ത്തകി വന്നില്ല. ഇവര്‍ രാത്രി പത്തു മണി വരെ കാത്തിരുന്നെങ്കിലും നിരാശരായി മടങ്ങുകയായിരുന്നു. ഇതോടെ പരിപാടി അലങ്കോലമായി.