ചെന്നൈ- തമിഴ്‌നാട്ടിലെ ബ്രാഹ്മണ യുവാക്കള്‍ക്ക് സംസ്ഥാനത്തിനകത്ത് വധുക്കളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കും അന്വേഷണം. 40,000 ലധികം യുവാക്കള്‍ക്കാണ് ഇതര സംസ്ഥനങ്ങളില്‍നിന്ന് വധുക്കളെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. തമിഴ്‌നാട് ആസ്ഥാനമായുള്ള ബ്രാഹ്മണ അസോസിയേഷനാണ് ഇതിനു നേതൃത്വം നല്‍കുന്നത്.
വധുക്കളെ കണ്ടെത്തന്‍ പ്രത്യേക ശ്രമം തന്നെ ആരംഭിച്ചിരിക്കയാണെന്ന്
തമിഴ്‌നാട് ബ്രാഹ്മണ അസോസിയേഷന്‍ (തമ്പ്രാസ്) പ്രസിഡന്റ് എന്‍.നാരായണന്‍ അസോസിയേഷന്റെ പ്രതിമാസ തമിഴ് മാസികയുടെ നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തില്‍ പറഞ്ഞു.
30-40 വയസ്സിനിടയിലുള്ള 40,000 ലധികം തമിഴ് ബ്രാഹ്മണ പുരുഷന്മാര്‍ക്ക് സംസ്ഥാനത്തിനകത്ത് വധുക്കളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിവാഹം നീണ്ടുപോകുകയാണെന്ന് കണക്ക് നല്‍കി അദ്ദേഹം പറഞ്ഞു, വിവാഹ പ്രായത്തിലുള്ള 10 ബ്രാഹ്മണ യുവാക്കള്‍ക്ക് ആറ് പെണ്‍കുട്ടികള്‍ മാത്രമേ തമിഴ്‌നാട്ടിലുള്ളൂ. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വധുക്കളെ കണ്ടെത്താന്‍ ദല്‍ഹി, ലഖ്‌നൗ, പട്‌ന എന്നിവിടങ്ങളില്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുമെന്ന് അസോസിയേഷന്‍ മേധാവി കത്തില്‍ പറഞ്ഞു. ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാവുന്ന ഒരാളെ അസോസിയേഷന്റെ നഗരത്തിലെ ആസ്ഥാനത്ത് കോഡിനേറ്ററായി നിയമിക്കുമെന്ന് നാരായണന്‍ പറഞ്ഞു. ലഖ്‌നൗവിലെയും പട്‌നയിലെയും ആളുകളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ സംരംഭം പ്രായോഗികമാണെന്നും തമ്പ്രാസ് മേധാവി പറഞ്ഞു.
നിരവധി പേര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് വധുവിനെ കണ്ടെത്താനാകാത്തതിന്റെ ഒരേയൊരു കാരണം അതല്ലെന്ന് വിദ്യാഭ്യാസ വിചക്ഷണനായ എം പരമേശ്വരന്‍ പറഞ്ഞു. വിവാഹം നടത്താനുള്ള മുഴുവന്‍ ചെലവും പെണ്‍കുട്ടിയുടെ കുടുംബം വഹിക്കണമെന്നും ഇത് മിക്ക സമുദായങ്ങളുടെയും ശാപമാണെന്നും പരമേശ്വരന്‍ പറഞ്ഞു.