ന്യൂദൽഹി- മാധ്യമ സ്ഥാപനങ്ങൾ വ്യാജ വാർത്തകളേയും വിദ്വേഷ പ്രചാരണങ്ങളേയും പ്രോത്സാഹിപ്പിച്ച് ലാഭമുണ്ടാക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് ഡെയ്‌ലി ഒ രാഷട്രീയകാര്യ എഡിറ്റർ അംഗ്ഷുകാന്ത ചക്രബർത്തിയെ ഇന്ത്യ ടുഡേ ഗ്രൂപ്പ് പിരിച്ചു വിട്ടു. ഇന്ത്യാ ടുഡെയിലെ മുതിർന്ന എഡിറ്റർമാരും ചില റിപ്പോർട്ടർമാരും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് വിദ്വേഷം ഇളക്കി വിടുന്നത് തുടരുന്നതിനിടെയാണ് ഇവർക്കെതിരായ നടപടി.
ഇന്ത്യാ ടുഡേ ഗ്രൂപ്പിനു കീഴിലുള്ള വാർത്താ വിശകലന പോർട്ടലാണ് ഡെയ്‌ലി ഒ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്ന റിപ്പോർട്ടർമാരേയും വാർത്താ അവതാരകരേയും എഡിറ്റർമാരേയും മാധ്യമ സ്ഥാപനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണെന്നായിരുന്നു അംഗുഷുകാന്തയുടെ ട്വീറ്റ്. ഇത്തരക്കാരെ ജോലിക്കെടുക്കുന്നവരെ വിദ്വേഷ പ്രചാരണം പ്രോത്സാഹിപ്പിച്ച കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും ഇവരെ മതനിരപേക്ഷ രാഷ്ട്രീയക്കാരും വ്യവസായികളും ഇവരെ സാമൂഹികമായി ബഹിഷ്‌ക്കരിക്കണമെന്നും തന്റെ സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഇവർ ഈ മാസം നാലിനാണ് ട്വീറ്റ് ചെയ്തത്.
കാര്യമായി ലൈക്കുകളും റിട്വീറ്റുകളൊന്നുമില്ലാതെ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ട്വീറ്റായിരുന്നു ഇത്. ഇതിനിടെ ഒരു സീനിയർ എഡിറ്റർ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്ന് അങ്ഷുകാന്തയോട് ആവശ്യപ്പെട്ടു. ഇവരുടെ ലേഖനങ്ങൾ ഏറെയും കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവയാണ്. എന്നാൽ ട്വീറ്റ് ഡിലീറ്റ് ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു. തന്റെത് പൊതുവായ ഒരു അഭിപ്രായ പ്രകടമാണെന്നും ഏതെങ്കിലും മാധ്യമസ്ഥാപങ്ങൾക്കെതിരല്ലെന്നും അവർ പറഞ്ഞു.
ഇതോടെ മുതിർന്ന് എഡിറ്റർമാരും മാനേജ്‌മെന്റ് പ്രതിനിധികളും ഫെബ്രുവരി ആറിന് വിഷയം ചർച്ച ചെയ്യാൻ വീണ്ടും യോഗം ചേർന്നു. ഈ യോഗത്തിനു ശേഷം ട്വീറ്റ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ രാജിവെക്കേണ്ടി വരുമെന്നും ഇല്ലെങ്കിൽ ഉടൻ പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നതായും അങ്ഷുകാന്ത പറഞ്ഞു. ട്വീറ്റ് ഡിലീറ്റ് ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു തന്നെ നിന്നതോടെ ഇവരെ ഇന്ത്യാ ടുഡെ പിരിച്ചുവിടുകയായിരുന്നു.
ഇന്ത്യാ ടുഡെ ഗ്രൂപ്പിന്റെ ഹിന്ദി ചാനലായ ആജ് തക് അവതാരകൻ രോഹിത് സർദാനയുടെ കസ്ഗഞ്ച് കലാപത്തെ കുറിച്ചുള്ള വ്യാജ വാർത്തക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. വർഗീയത പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു രോഹിതിന്റെ അവതരണം.
ഗ്രൂപ്പിന്റെ ദിനപത്രമായ മെയിൽ ടുഡെ എഡിറ്റർ അഭിജിത് മജുംദാറും വ്യാജ വാർത്താ പ്രചാരണത്തിന് ഈയിടെ വിമർശനം നേരിട്ടിരുന്നു. കസ്ഗഞ്ചിൽ രണ്ടു ഹിന്ദു യുവാക്കൾ കൊല്ലപ്പെട്ടുവെന്ന വ്യാജ വാർത്തയാണ് മജുംദാർ ട്വീറ്റ് ചെയ്തിരുന്നത്.