മുംബൈ- മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ ഒരു ഇലക്ട്രോണിക് ഷോപ്പ് ഉടമയെ കവര്‍ച്ചക്കാര്‍ കടയില്‍ കയറി കുത്തിക്കൊന്നു. ചൊവ്വാഴ്ച രാത്രി കടയടക്കാനുള്ള ഒരുക്കത്തിനിടെയാണ് ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ കടയുടമ കമലേഷ് പൊപാട്ടിനെ ഷോപ്പില്‍ കയറി കുത്തിക്കൊന്നത്. സിസിടിവിയില്‍ സംഭവം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയ ആക്രമികളില്‍ ഒരാള്‍ കമലേഷിനു നേരെ തോക്കു പോലൊരു വസ്തു ചൂണ്ടുന്നതും മറ്റൊരാള്‍ വാള്‍ പുറത്തെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരെ കമലേഷ് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമി വാളുപയോഗിച്ച് കമലേഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം പണം വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ബുല്‍ധാനയിലെ ചിക്ലി പട്ടണത്തില്‍ നടന്ന സംഭവം പ്രദേശത്തെ കടയുടമകളില്‍ ആശങ്കയുണ്ടാക്കി. കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.