മുംബൈ- ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡയെ കുറിച്ചുള്ള 1,49,954 പുസ്തകങ്ങള്‍ വാങ്ങുന്നു. ഒന്നാം ക്ലാസു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അധിക വായനക്ക് നല്‍കാനുള്ള പുസ്തകങ്ങളാണിവ. രാഷ്ട്രപതി മഹാത്മാ ഗാന്ധിയെ കുറിച്ച് വെറും 4,343 പുസ്തകങ്ങളും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്്‌റുവിനെ കുറിച്ച് 1,635 പുസ്തകങ്ങളും വാങ്ങുമ്പോള്‍ ബി.ആര്‍ അംബേദ്കറെ കുറിച്ച് 79,388 പുസ്തകങ്ങളും സര്‍ക്കാര്‍ വാങ്ങുന്നുണ്ട്. സര്‍വ ശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) പദ്ധതിയുടെ ഭാഗമായാണ് മറാത്തി, ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി ഭാഷകളിലുള്ള പുസ്തകങ്ങള്‍ വാങ്ങുന്നത്.
ബി.ജെ.പി നേതാവ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ കുറിച്ചുള്ള 76,713 പുസത്കങ്ങളും മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ അബ്ദുല്‍ കലാമിനെ കുറിച്ചുള്ള 3,21,328 പുസ്തകങ്ങളും സര്‍ക്കാര്‍ വാങ്ങുന്നുണ്ട്. മറാത്ത രാജാവ് ഛത്രപതി ശിവജിയെ കുറിച്ചുള്ള 3,40,982 പുസ്തകങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. ഇവയ്ക്കുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. സ്വകാര്യ പബ്ലിഷര്‍മാരില്‍നിന്നാണ് ഇവ വാങ്ങുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് പുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വിനോദ് താവഡെ പറഞ്ഞു. ഒരു വിദഗ്ധ സമിതിയാണ് ഈ പുസ്തകങ്ങള്‍ നിര്‍ദേശിച്ചത്. ഓര്‍ഡര്‍ നല്‍കിയിരിക്കുന്നതും ഇതിനനുസരിച്ചാണെന്ന് മന്ത്രി പറഞ്ഞു.
പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്വയം പ്രശംസയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സര്‍ക്കാര്‍ സ്വന്തം ഇരുണ്ട ഭൂതകാലം മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബൗദ്ധികമായ നിരാശയും വിദ്വേഷവും കൊണ്ടാണ് ബി.ജെ.പി ഇത്തരമൊരു നടപടിയുമായി മുന്നോട്ടു പോകുന്നതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ പറഞ്ഞു. അവരുടെ സംഘടനകളുടെ ചരിത്രം ഇരുണ്ടതാണെന്നും ബി.ജെ.പി നേതാക്കള്‍ക്ക് മനശാസ്ത്ര ചികിത്സ ആവശ്യമാണെന്നും അദ്ദേഹം പരിഹസിച്ചു.