ഒരു മനോഹര കണ്ണിറുക്കലിലൂടെ ലക്ഷങ്ങളുടെ ശ്രദ്ധാ കേന്ദ്രമായ പുതുമുഖ നായിക പ്രിയ വാര്യരുടെ പുതിയ ഐറ്റവുമായി ഒരു അഡാര്‍ ലവിന്റെ ആദ്യ ടീസര്‍ എത്തി. മാണിക്യ മലാരായ പൂവി... എന്ന ഗാനരംഗത്തിലെ പ്രിയയുടെ കണ്ണിറുക്കലാണ് ഹിറ്റായതെങ്കില്‍ ഇപ്പോള്‍ കാമുകനു നേരെ പ്രണയ വെടിയുതിര്‍ക്കുന്ന പ്രിയയാണ് വൈറലായത്. ഉമര്‍ ലുലുവും സംഗീത സംവിധായകന്‍ ഷാന്‍ റഹ്്മനും ചേര്‍ന്നൊരുക്കുന്ന മ്യൂസിക്കല്‍ ട്രീറ്റിലെ ഈ രംഗവും ഇന്റര്‍നെറ്റ് ഏറ്റെടുത്തുകഴിഞ്ഞു. റിലീസ് ചെയ്ത ടീസര്‍ ഇതിനകം 28 ലക്ഷത്തോളം പേര്‍ യുട്യൂബില്‍ കണ്ടു കഴിഞ്ഞു.
ക്ലാസ് മുറിയിലിരുന്ന് കൈവിരലുകള്‍ തോക്കാക്കി ചൂണ്ടി അതില്‍ മുത്തമിട്ട് കണ്ണിറുക്കി കാമുകനെ ഉന്നം പിടിച്ച് കാഞ്ചി വലിക്കുന്നതോടെ ആ മയക്കു വെടിയേറ്റ് അപ്പുറത്തെ ബെഞ്ചിലിരിക്കുന്ന നായകന്‍ റോഷന്‍ അബ്ദുല്‍ റഊഫ് വീഴുന്ന രംഗം മാത്രമെ ഉളളൂ ടീസറില്‍. വാലന്റൈന്‍സ് ഡേ മുന്നില്‍ കണ്ട് തയാറാക്കിയ ഈ ടീസറും ലക്ഷക്കണക്കിന് ആരാധകരെ വീഴ്ത്തിയിരിക്കുകയാണ്. കണ്ണിറുക്കല്‍ രംഗത്തിലെ പോലെ ഇവിടെയും പ്രിയയുടേയും റോഷന്റേയും ഇടയിലെ രസതന്ത്രം വ്യക്തം.
മാണിക്യ മലരായ പൂവി... വൈറലായതോടെ തരംഗമായി മാറിയ പ്രിയയ്ക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഫോളോവേഴസിന്റെ എണ്ണം കുതിച്ചുയരുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം തിങ്കളാഴ്ച 13 ലക്ഷത്തിലെത്തിയിരുന്നു. ചൊവ്വാഴ്ച ഫോളോവേഴ്സിന്റെ എണ്ണം 27 ലക്ഷം കവിഞ്ഞിരിക്കുന്നു. അക്കൗണ്ട് വെരിഫൈഡ് ആകുകയും ചെയ്തു. ഇത്രയേറെ ആളുകളുടെ സ്നേഹം പിടിച്ചുപറ്റുന്നത് സ്വപ്നം പോലെ എന്നാണ് പ്രിയ പ്രതികരിച്ചത്. തൃശൂര്‍ വിമല കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് പ്രിയ.