പട്‌ന- അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ചുപേർ വാഹനാപകടത്തിൽ മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. സുശാന്തിന്റെ സഹോദരീ ഭർത്താവ് ഒ.പി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് പട്നയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം. ഗീത ദേവിയുടെ ഭർത്താവ് ലാൽജീത് സിങ്, അദ്ദേഹത്തിന്റെ മകൾ അമിത് ശേഖർ, രാം ചന്ദ്രസിങ്, ബന്ധുക്കളായ ബേബി ദേവി, അനിത ദേവി, ഡ്രൈവർ പ്രീതം കുമാർ എന്നിവരാണ് മരിച്ചത്. 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ബാൽമുകുന്ദ് സിങ്, ദിൽ ഖുഷ് സിങ് എന്നിവരെ വിദഗ്ധ ചികിത്സക്കായി പട്നയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ബാൽമീകി സിങ്, ടോനു സിങ് എന്നിവർ ലഖിസരായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.