Sorry, you need to enable JavaScript to visit this website.

കോൺഗ്രസിന് അയിത്തം; സി.പി.എം  കരട് രാഷ്ട്രീയ പ്രമേയം പുറത്തിറങ്ങി

ന്യൂദൽഹി- കോൺഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യമോ ധാരണയോ ഇല്ലാതെ ജനാധിപത്യ മതേതര ശക്തികളുടെ ഒത്തൊരുമയിൽ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന് സി.പി.എം കരട് രാഷ്ട്രീയ പ്രമേയം. പാർട്ടിയുടെ രാഷ്ട്രീയ ലൈനിന്റെ ഉള്ളിൽനിന്ന് ബി.ജെ.പിക്ക് എതിരായ പരമാവധി വോട്ടുകൾ സമാഹരിക്കാൻ തെരഞ്ഞെടുപ്പു കാലങ്ങളിൽ തന്ത്രങ്ങൾ സ്വീകരിക്കാമെന്നും കരട് രേഖയിൽ പറയുന്നു. ഹിന്ദുത്വ ശക്തികളെ തോൽപിക്കാൻ കോൺഗ്രസ് ഒഴികെ ഏതു മതേതര ശക്തികളോടും കൂട്ടുചേരാമെന്നാണ് കരടിൽ ചൂണ്ടിക്കാട്ടുന്നത്. 
കരട് രാഷ്ട്രീയ പ്രമേയത്തിൽ കോൺഗ്രസിന് ബി.ജെ.പിയുടെ അതേ വർഗ സ്വഭാവം തന്നെയാണുള്ളതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കോർപറേറ്റുകളുടെയും ഭൂവുടമകളുടെയും താൽപര്യം സംരക്ഷിക്കുന്നതിനാണ് കോൺഗ്രസും മുൻതൂക്കം നൽകുന്നത്. കോൺഗ്രസിന്റെ ജനസ്വാധീനം വ്യാപകമായി ഇടിഞ്ഞു. മതേതര പാർട്ടിയാണെന്നു സ്വയം വാദിക്കുമ്പോൾ തന്നെ വർഗീയ സംഘർഷങ്ങളെ നേരിടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. പ്രധാന പ്രതിപക്ഷമായിരിക്കുമ്പോൾ തന്നെ കോൺഗ്രസും നവ ലിബറൽ നയങ്ങളെയാണ് പിന്തുടരുന്നതെന്നും കരട് പ്രമേയത്തിൽ സി.പി.എം കുറ്റപ്പെടുത്തുന്നു. 

വർഗീയ ഫാസിസത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെ ബൂർഷ്വാ പാർട്ടികളുമായി ധാരണയാകാമെന്ന നിർദേശമാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാൾ ഘടകവും മുന്നോട്ടു വെച്ചത്. എന്നാൽ കോൺഗ്രസുമായി സഖ്യമോ ധാരണയോ ഒരു തരത്തിലും വേണ്ടെന്ന പ്രകാശ് കാരാട്ട് മുന്നോട്ടു വെച്ച നിലപാടുമായാണ് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിൽ യെച്ചൂരി മുന്നോട്ടു വെച്ച നിലപാട് വോട്ടിനിട്ട് തള്ളിയിരുന്നു.
കോൺഗ്രസിനു പുറമെ, ദേശീയ തലത്തിൽ പ്രാദേശിക കക്ഷികളുമായും സഖ്യം പാടില്ല. കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളുടെയും നവ ലിബറൽ നയങ്ങളോടാണ് സി.പി.എമ്മിന്റെ പോരാട്ടം. ഇതിനായി ഒരു വിശാല കൂട്ടായ്മ അടിസ്ഥാന തലം മുതൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ രൂപപ്പെട്ടു വരണമെന്നാണ് പാർട്ടിയുടെ ലക്ഷ്യം. ഹിന്ദുത്വ വർഗീയവാദവും ജനദ്രോഹ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടു നീങ്ങുന്ന ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ ജനാധിപത്യ മതേതര ശക്തികളുമായി ഒരുമിച്ചു നീങ്ങണമെന്നും കരടിൽ പറയുന്നു. സംസ്ഥാനങ്ങളിൽ ബി.ജെ.പിയുമായി കൂടിച്ചേരാൻ താൽപര്യമില്ലാത്ത പ്രാദേശിക പാർട്ടികളെ ഒരുമിപ്പിച്ചു നിർത്തുമെന്നും കരട് പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്. 
നാലു വർഷത്തെ നരേന്ദ്ര മോഡി സർക്കാരിന്റെ ഭരണം കൊണ്ടു തന്നെ ബി.ജെ.പിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു. സർക്കാരിന് അകത്തും പുറത്തും ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാൻ ജനാധിപത്യ മതേതര ശക്തികളുടെ വിശാല കൂടിച്ചേരൽ അനിവാര്യമാണെന്നും പൊതുജനാഭിപ്രായ രൂപീകരണത്തിനായി കഴിഞ്ഞ ദിവസം പുറത്തുവിട്ട കരടു രാഷ്ട്രീയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. വർഗീയ ശക്തികൾക്കെതിരേ താഴേത്തട്ടു മുതൽ പൊരുതാൻ ജനങ്ങളെ ശക്തരാക്കുകയാണ് പ്രഥമ ലക്ഷ്യം. ഇത് രാഷ്ട്രീയ, തെരഞ്ഞെടുപ്പു സഖ്യങ്ങൾ മുന്നിൽ കണ്ടല്ല. ജനാധിപത്യ അവകാശങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളെ ചെറുക്കാൻ വിശാല കൂടിച്ചേരലാണ് വേണ്ടത്. 
ഇടത്, ദളിത് ഐക്യവേദികൾ രൂപീകരിച്ചു മുന്നോട്ടു നീങ്ങണമെന്നും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണത്തിനു മുന്നിൽ നിൽക്കണമെന്നും കരട് പ്രമേയത്തിൽ പറയുന്നു. 

Latest News