കൊച്ചി-ഒ.ടി.ടി റിലീസിന് ഫെഫ്ക എതിരല്ലെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. ഇത്തരം ചിത്രങ്ങള്‍ പ്രത്യേക വിഭാഗമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ലിസ്റ്റ് ചെയ്യണം. ഇതിനുള്ള സംവിധാനം ഉണ്ടാക്കണം. തൊഴില്‍ ലഭ്യമാക്കുന്ന ഒരു സംവിധാനത്തെയും എതിര്‍ക്കില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സംഘടനയുടെ ജനറല്‍ കൗണ്‍സിലിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേതനം പുതുക്കുന്നതു സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ഉണ്ടായിരുന്ന കരാര്‍ ആറുമാസത്തേക്ക് നീട്ടി. ഡിസംബറിലാണ് പുതുക്കേണ്ടിയിരുന്നത്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് നടപടി. സംഘടനയുടെ 19 യൂണിയനുകളിലും വനിതാ പ്രാതിനിധ്യം ഏര്‍പ്പെടുത്തും. സിനിമാ മേഖലയിലെ തൊഴില്‍ അവസരങ്ങളെപ്പറ്റി സ്ത്രീകള്‍ക്ക് അവബോധമുണ്ടാക്കാന്‍ വനിതാക്ഷേമ വകുപ്പുമായി സഹകരിച്ച് എറണാകുളത്ത് ക്യാമ്പ് സംഘടിപ്പിക്കും. എല്ലാ യൂണിയനുകളിലും ഭാരവാഹിയായി ഒരു സ്ത്രീയെങ്കിലും ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചു.
നടന്‍ ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചില സിനിമാ സെറ്റുകളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇക്കാര്യം വിശദമാക്കി പ്രതിപക്ഷ നേതാവിന് കത്തയച്ചു. തുടര്‍ന്ന്, പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. പ്രശ്നം ഒത്തുതീര്‍ക്കാന്‍ ജോജുവിന് വ്യക്തിപരമായ നിലപാട് എടുക്കാം. ഇക്കാര്യത്തില്‍ ഫെഫ്കക്ക് പ്രത്യേക നിലപാടില്ല. ജോജുവിനൊപ്പം ഒരു ചര്‍ച്ചക്കും നിന്നിട്ടില്ല. അത് ജോജുവിന്റെ വ്യക്തിപരമായ തീരുമാനം ആണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് താന്‍ ഒരു തരത്തിലും ഭാഗമായിട്ടില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് എസ്.എന്‍ സ്വാമി, ജോ. സെക്രട്ടറി സുമംഗല സുനില്‍, വര്‍ക്കിംഗ് സെക്രട്ടറി സോഹന്‍ സീനുലാല്‍, ട്രഷറര്‍ ആര്‍.എച്ച് സതീശ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.