കൊച്ചി- വിദ്യാര്‍ത്ഥികളുടെ യൂണിഫോമിന്റെ കാര്യത്തിലുള്ള ചര്‍ച്ചകള്‍ ഏറെ നാളായി നടന്ന് കൊണ്ടിരിക്കുന്ന ഒന്നാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന യൂണിഫോം എങ്ങനെയുണ്ടാക്കാം എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ഗവ. എല്‍പി സ്‌കൂള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ത്രീ ഫോര്‍ത്ത് എന്ന ആശയമാണ് ഇവര്‍ നടപ്പാക്കിയത്. മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ സ്‌കൂളില്‍ ഈ പരിഷ്‌കാരം കൊണ്ട് വന്നത്. എന്നാല്‍ ഇതിന് മുന്‍കൈയെടുത്തതാകട്ടെ രക്ഷിതാക്കളും ഇതില്‍ ഏറെ അഭിമാനിക്കാമെന്നാണ് ഇവര്‍ പറയുന്നത്.
പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ഗവ. എല്‍പി സ്‌കൂളിന്റെ ഈ മാറ്റത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ താരം മഞ്ജു വാര്യര്‍. മുട്ടിനു താഴെവരെയോ കാല്‍പാദംവരെയോ എത്തുന്ന പാവാടയുമായി ഒരു കുട്ടിക്ക് ഓടാന്‍ തന്നെ സാധിക്കില്ല. മാത്രമല്ല ഓടുമ്പോള്‍ പാവാട പിടിച്ച് വേണം ഓടാന്‍. ബസ്സിന് പിന്നാലെ ഓടുമ്പോഴും സ്‌കൂളിലേക്ക് ഓടുമ്പോഴുമെല്ലാം ഇതൊരു പേടിസ്വപ്നമാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു. അതില്‍ നിന്ന് വ്യത്യസ്ഥമായി ആശയം കൊണ്ടുവന്ന വളയന്‍ചിറങ്ങര സ്‌കൂളിന്റെ മുന്നൊരുക്കം സന്തോഷകരമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലുള്ള യൂണിഫോം എന്നത് മികച്ച തീരുമാനമാണെന്നും മഞ്ജു പറയുന്നു.
പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോഴും, സിനിമയിലും പാവാടയിട്ടിട്ടുണ്ട്. അന്ന് എന്നെപ്പോലുള്ള എത്രയോ പെണ്‍കുട്ടികള്‍ ഇത് അസൗകര്യമല്ലേ എന്നു മനസ്സില്‍ ചോദിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ കുട്ടികളും രക്ഷിതാക്കളും അത് ഉറക്കെ ചോദിക്കുന്നത് ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണെന്നും മഞ്ജു വാര്യര്‍ പറയുന്നു. പാവാട നല്ല വേഷമാണെങ്കിലും അതു സ്‌കൂളിലും മറ്റും അസൗകര്യമുണ്ടാക്കുന്നുവെന്ന പരാതി നാം ശ്രദ്ധിക്കേണ്ടതുതന്നെയാണെന്നും പെണ്‍കുട്ടികള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യമെന്ന സമൂഹത്തിന്റെ മനസ്സുതന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മഞ്ജു വാര്യര്‍ പറയുന്നു. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത കാര്യമാണ് ജെന്‍ഡര്‍ യൂനിഫോമിനെകുറിച്ചുള്ളത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലുള്ള യൂണിഫോം ഉപയോഗിക്കണമെന്ന ആശയം പുതിയതല്ല.