Sorry, you need to enable JavaScript to visit this website.

പ്രണയദിനത്തിൽ ക്യാമ്പസിൽ കണ്ടുപോകരുതെന്ന് വിദ്യാർത്ഥികളോട് ലഖ്‌നൗ സർവകലാശാല

ലഖ്‌നൗ- പ്രണയ ദിനമായ ഫെബ്രുവരി 14ന് ക്യാമ്പസിൽ കണ്ടു പോകരുതെന്ന ലഖ്‌നൗ സർവകലാശാല വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി. നിർദേശം ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്. 'പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തിൽപ്പെട്ട് ഏതാനും വർഷങ്ങളായി വിദ്യാർത്ഥികൾ ക്യാമ്പസിൽ വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സർവകലാശാലയ്ക്ക് ബുധനാഴ്ച അവധി നൽകിയിരിക്കുകയാണ്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കുന്ന ക്യാമ്പസിൽ ഈ ദിവസം വിദ്യാർത്ഥികളെ കണാൻ പാടില്ല,' സർവകലാശാല പ്രോക്ടർ വിനോദ് സിങ് രണ്ടു ദിവസം മുമ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

പ്രണയ ദിനമായ ബുധനാഴ്ച സർവകലാശാലയ്ക്ക് പൂർണ അവധിയാണ്. അവധി ക്ലാസുകളോ പ്രാക്ടിക്കൽ പരീക്ഷകളോ മറ്റു സാംസ്‌കാരിക പരിപാടികളോ  ഈ ദിവസം ക്യാമ്പസിൽ നടക്കില്ലെന്നും പ്രോക്ടർ അറിയിക്കുന്നു. ബുധനാഴ്ച കുട്ടികളെ സർവകലാശാലയിലേക്ക് വിടരുതെന്ന് രക്ഷിതാക്കളോടും സിങ് അഭ്യർത്ഥിച്ചിട്ടുണ്ട്. ക്യാമ്പസിൽ ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലെന്നു വ്യക്തമാക്കിയ സിങ് വിദ്യാർത്ഥികളുടെ സുരക്ഷാ ഉറപ്പാക്കാനാണിതെന്നും പറഞ്ഞു.

അതിനിടെ സർവകലാശാല അധികൃതരുടെ സദാചാര പോലീസിങിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 'ഞങ്ങളെല്ലാവരും മുതിർന്നവരാണ്. എന്തു ചെയ്യണം, എന്തു ചെയ്യണ്ട എന്ന് ഞങ്ങളെ ഉപദേശിക്കാനുള്ള അവകാശം പ്രോക്ടർക്കില്ല,' പേരു വെളിപ്പെടുത്താത്ത ഒരു ബിരുദ വിദ്യാർത്ഥി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. വിദ്യാർത്ഥികളെ ഉപദേശിക്കുന്നതിനു പകരം സർവകലാശാല അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുകയും അധ്യാപകർ സ്ഥിരമായി ക്ലാസെടുക്കാറുണ്ടോ എന്നു പരിശോധിക്കുകയുമാണ് ചെയ്യേണ്ടതെന്ന് മറ്റൊരു വിദ്യാർത്ഥി പറയുന്നു.

വലതു പക്ഷ തീവ്രവാദികളും തീപ്പൊരി ഹിന്ദുത്വ നേതാവു കൂടിയായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡ് എന്ന സദാചാര പോലീസ് സംഘവും പ്രണയ ദിനം ആഘോഷിക്കുന്നവരെ തടയുമെന്ന മുന്നറിയിപ്പും നിലവിലുണ്ട്. പോലീസും ജാഗ്രതയിലാണ്.
 

Latest News