ന്യൂദല്‍ഹി- വ്യക്തിപരമായ വിവരങ്ങളടങ്ങിയ വോട്ടര്‍പട്ടിക ഓണ്‍ലൈനില്‍ ആര്‍ക്കും ലഭിക്കുമെന്നിരിക്കെ, ഇന്ത്യയില്‍ എന്തു സ്വകാര്യതയാണ് സംരക്ഷിക്കപ്പെടുന്നതെന്ന ചോദ്യവുമായി ഫ്രഞ്ച് ഗവേഷകന്‍. ഡിജിറ്റല്‍ ഇന്ത്യയായി മാറാനുള്ള ചവടുകള്‍ക്ക് വേഗം കൂടുകയാണെങ്കിലും ഇന്ത്യയില്‍ സൈബര്‍ സുരക്ഷ ഇപ്പോഴും ദുര്‍ബലമാണ്.
പൗരന്മാരുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ രാജ്യത്തെ നൂറുകണക്കിനു സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ വഴി ചോര്‍ത്തിയതു സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് ഓരോ പൗരന്റേയും വിവരങ്ങളടങ്ങിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് എല്ലാവര്‍ക്കും പരസ്യമായി ലഭിക്കുമ്പോള്‍ സ്വകാര്യത സംരക്ഷിക്കപ്പെടുമോ എന്ന ചോദ്യം ഉയരുന്നത്.
ഫ്രഞ്ച് സുരക്ഷാ ഗവേഷകനായ ഏലിയട്ട് ആന്‍ഡേഴ്‌സനാണ് ഇന്ത്യയിലെ വോട്ടര്‍ പട്ടികകള്‍ എല്ലാവര്‍ക്കും കാണാനാകുമെന്ന് വെളിപ്പെടുത്തിയത്. വോട്ടറുടെ പേര്, പിതാവിന്റെ പേര്, വയസ്സ്, വിലാസം, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവയടങ്ങുന്ന പട്ടികയുടെ പി.ഡി.എഫുകള്‍ എല്ലാ സംസ്ഥാന ഇലക്്ഷന്‍ കമ്മീഷനുകളും പുറത്തിറക്കാറുണ്ട്.
മണ്ഡലത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വോട്ടര്‍മാരുടെ പട്ടിക കരസ്ഥമാക്കിയ ആന്‍ഡേഴ്‌സണ്‍ ദല്‍ഹിയില്‍ ഇതിനായുള്ള പ്രക്രിയ വ്യത്യസ്തമാണെന്നും പറയുന്നു. വോട്ടര്‍ പട്ടിക പരസ്യമാണെങ്കിലും ദല്‍ഹിയില്‍ അതു മൊത്തമായി ലഭിക്കില്ലെന്ന് അദ്ദേഹം പറയുന്നു.
ദല്‍ഹി ഇലക്്ഷന്‍ കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രവേശിച്ചാല്‍ ഏതെങ്കിലും വോട്ടര്‍ ഐ.ഡി നമ്പര്‍ നല്‍കിയാല്‍ വോട്ടറെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭിക്കും. ഒരാളുടെ പേരോ പിതാവിന്റെ പേരോ അറിയുമെങ്കില്‍ അങ്ങനേയും സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ കരസ്ഥമാക്കാം.
ഒരാളുടെ വിലാസം അടക്കമുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വോട്ടര്‍ പട്ടിക പുതുക്കാനും പുതിയ പേരു ചേര്‍ക്കാനുമൊക്കെ ഇലക്്ഷന്‍ കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍പട്ടികയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കാറുള്ളത്. വാര്‍ഡുകളിലും ബൂത്തുകളിലും വോട്ട് ഉറപ്പിക്കാനും ഇതേ പട്ടിക തന്നെയാണ് ഉപയോഗിക്കുന്നത്.
അതേസമയം, ആര്‍ക്കും ആരുടേയും വ്യക്തിപരമായ വിവരങ്ങള്‍ കരസ്ഥമാക്കാനുള്ള സൗകര്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലൂടെ നല്‍കുന്നത്.
വിലാസമടക്കം വോട്ടറുടെ എല്ലാ വിവരങ്ങളും പരസ്യമാക്കേണ്ടേതുണ്ടോ മൊത്തം പട്ടികയുടെ പി.ഡി.എഫ് എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കേണ്ടത് ഇലക്്ഷന്‍ കമ്മീഷനാണ്.