ഗുഡ്ഗാവ്- ഗുരുഗ്രാമില്‍ മുസ്ലിംകള്‍ നമസ്‌കാരത്തിനായി ഉപയോഗിച്ചിരുന്ന സ്ഥലം കൈയേറി ഹിന്ദുത്വ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു. ഗുരുഗ്രാമിലെ സെക്ടര്‍ 12 എ പ്രദേശത്താണ് സംഭവം.
വോളിബോള്‍ കോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ പ്രവര്‍ത്തകര്‍ സ്ഥലത്തും പരിസരത്തും ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഗുഡ്ഗാവിലും പരിസര പ്രദേശങ്ങളിലും മുസ്്‌ലിംകള്‍ പൊതുസ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നത് തടയാനുള്ള ശ്രമം കഴിഞ്ഞയാഴ്ചകളിലും വെള്ളിയാഴ്ച സംഘര്‍ഷത്തിനു കാരണമായിരുന്നു.
2018ലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രദേശത്തെ ഹിന്ദുക്കളുമായി കരാറിലെത്തിയതിനു ശേഷം മുസ്്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ അനുമതി നല്‍കിയ സ്ഥലങ്ങളിലൊന്നാണ് സെക്ടര്‍ 12 എ പ്രദേശം.
എതിര്‍പ്പുകളുണ്ടെന്ന് വ്യക്തമാക്കി മുസ്്‌ലിംകള്‍ക്ക് നേരത്തെ നമസ്‌കരിക്കാന്‍ അനുമതിയുണ്ടായിരുന്ന എട്ട് സ്ഥലങ്ങളില്‍ നമസ്‌കാരം പാടില്ലെന്ന് കഴിഞ്ഞയാഴ്ച ജുമുഅ നമസ്‌കാരത്തിനു മുമ്പ് ഗുഡ്ഗാവിലെ അധികൃതര്‍ അറിയിച്ചിരുന്നു.
മറ്റുസ്ഥലങ്ങളിലും സമാനമായ എതിര്‍പ്പ് ഉയര്‍ന്നാല്‍ അനുമതി റദ്ദാക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പൊതുസ്ഥലത്തും തുറന്ന സ്ഥലത്തും നമസ്‌കരിക്കുന്നതിന് ഭരണകൂടത്തിന്റെ സമ്മതം ആവശ്യമാണെന്നും മറ്റിടങ്ങളിലും നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അനുമതി നല്‍കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.