സ്‌കൂളുകളിൽ അടിസ്ഥാന പാഠങ്ങളുടെ കൂട്ടത്തിൽ ദൈനംദിന ജീവിതവുമായി ഏറെ ബന്ധപ്പെട്ട ആരോഗ്യ പാചകവും സുരക്ഷിതമായ അടുപ്പുപയോഗവുമെല്ലാം വിഷയീഭവിക്കേണ്ടതുണ്ട്. അധിക വീടുകളിലും എൽ.പി.ജി സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഈ കാലത്ത് സുരക്ഷയ്ക്കായി അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നാം വിദഗ്ധരിൽ നിന്ന് തന്നെ പഠിച്ചു മനസ്സിലാക്കണം.
സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് സുഹൃത്തുക്കളുള്ളവരാണ് നമ്മളിലധികമാളുകളും. എന്നാൽ പലർക്കും പലരെയും അടുത്തറിയില്ല. നമുക്കേറെ പഠിക്കാനുതകുന്ന അവരുടെ സവിശേഷ സിദ്ധികളും തൊഴിൽപരമായ അനുഭവങ്ങളും നാം പലപ്പോഴും ചോദിച്ചറിയാറില്ല എന്നതാണ് സത്യം.
ആഴ്ചയിലൊരിക്കലെങ്കിലും നേരം കിട്ടുമ്പോൾ പുതിയ ഒരാളെയെങ്കിലും വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കാനും
പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനും ശ്രമിക്കുന്നത് എന്റെ ഒരു ശീലമാണ്.
ഈയിടെ ഒരു ഓൺ ലൈൻ സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് ഹൈസ്‌കൂൾ ക്ലാസുകളിൽ പഠിച്ച കാർബൺ ഡയോക്‌സൈഡും അസെറ്റിക് ആസിഡും ഓക്‌സിജനുമെല്ലാം വീണ്ടും മനോമുകരത്തിൽ സജീവമായത്.
സൗദി ഗ്ലാസ് ഫാക്ടറിയിൽ സേഫ്റ്റി അറ്റൻഡറായി ജോലി ചെയ്യുന്ന അദ്ദേഹം കുറഞ്ഞ നേരം കൊണ്ട് അവയെ കുറിച്ച് എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. മേനി പറയാനും ഉടുപ്പിൽ തുന്നിച്ചേർക്കാനും ഔപചാരികമായ ബിരുദങ്ങളും ഡിപ്‌ളോമകളൊന്നും ഇല്ലാത്ത അദ്ദേഹം തന്റെ നിരന്തരമായ പരിശ്രമത്തിലൂടെയും പ്രായോഗിക മികവിലൂടെയും അനുഭവങ്ങളിലൂടെയും നേടിയെടുത്ത ജോലിയാണത്. അങ്ങനെ, ഒരുപാടൊന്നും ആഘോഷിക്കപ്പെടാത്ത, നിശ്ശബ്ദ ഇതിഹാസങ്ങൾ പ്രവാസ ലോകത്ത് ധാരാളം കാണാം.
ആയിരത്തി മുന്നൂറ് ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ വിവിധ തരം മണലുരുക്കി പല ആവശ്യങ്ങൾക്കായി ഗ്ലാസ് ബോട്ടിലുകൾ നിർമിക്കുന്ന ഫാക്ടറിയിൽ അപകടങ്ങൾ സ്വാഭാവികമാണ്. വർഷത്തിൽ കുറഞ്ഞത് നാല് തവണയെങ്കിലും തീപ്പിടിത്തം സാധാരണമാണ്.
കെമിക്കലുകൾക്കോ ഇലക്ട്രിക് ഉപകരണങ്ങൾക്കോ തീപ്പിടിച്ചാൽ കെടുത്തുന്ന വിധവും അതിനുപയോഗിക്കുന്ന വേറിട്ട ഉപകരണങ്ങളും രാസവസ്തുക്കളും ഏതെല്ലാമാണെന്നും പാലിക്കേണ്ട മുൻകരുതലുകളെന്തൊക്കെയാണെന്നും അദ്ദേഹം ജീവിത പുസ്തകം സസന്തോഷം നിവർത്തി അക്കാദമിക് ജാഡകളൊന്നുമില്ലാത്ത വിനയത്തോടെ എനിക്ക് പകർന്നു തന്നു.
രസതന്ത്രവും ഭൗതിക ശാസ്ത്രവുമൊക്കെ അറുബോറാക്കി അവതരിപ്പിച്ച് കുട്ടികൾക്ക് മുഷിപ്പൻ കലാലയ ദിനങ്ങൾ സമ്മാനിക്കുന്ന
ചില അധ്യാപികാധ്യാപകൻമാരെ ഓർത്തു പോയി. ഇത്തരം പ്രായോഗിക ജ്ഞാനമുള്ള പരിചയ സമ്പന്നർ നാട്ടിലെത്തുമ്പോൾ അവരുടെയൊക്കെ വൈവിധ്യമാർന്ന അന്താരാഷ്ട്ര അനുഭവ പാഠങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുക്കാൻ സ്‌കൂൾ കരിക്കുലം തന്നെ പുതുക്കിയെങ്കിൽ; പി.ടി.എ ഭാരവാഹികൾ
അവരുമായുള്ള മുഖാമുഖത്തിന് കലാലയങ്ങളിൽ അവസരമൊരുക്കിയെങ്കിൽ
എന്നാശിച്ചു പോയി. തീപ്പിടിത്തമോ അപകടമോ സംഭവിക്കുമ്പോൾ വെപ്രാളം പാടില്ല എന്ന പ്രധാന പ്രാഥമിക പാഠം എത്ര പേർക്കറിയാം? അതീവ ശ്രദ്ധയോടെ കാറ്റിന്റെ ഗതി മനസ്സിലാക്കി വേണം തീപ്പിടിത്തം കൈകാര്യം ചെയ്യേണ്ടത്. അങ്ങനെ, ഒറ്റ നോട്ടത്തിൽ നിസ്സാരമെന്ന് തോന്നുന്ന നിരവധി ഗൗരവമായ കാര്യങ്ങൾ പലർക്കും അറിയില്ല. വ്യാവസായിക നിർമാണ ശാലയിലെ അപകട നിവാരണ മേഖലയിൽ നിന്നും അദ്ദേഹം സ്വായത്തമാക്കിയ അറിവുകൾ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഗാർഹികമായ അപകടങ്ങൾ സംഭവിക്കുമ്പോൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന പാഠങ്ങളും അതിലുണ്ടായിരുന്നു.
അടുപ്പുമായി ബന്ധപ്പെട്ട അത്യാഹിതങ്ങൾ ഒരിക്കലെങ്കിലും നടക്കാത്ത അടുക്കളകൾ അധികമുണ്ടാവില്ല. ചിലത് വൻ അപായവും ആളപകടവും വരെ വരുത്തിയിട്ടുണ്ടാവും. പാചകവും അതുമായി അഭേദ്യമായി ബന്ധപ്പെട്ട അടുപ്പിന്റെ സുരക്ഷയും അനിവാര്യമായ ജീവിത നൈപുണിയായി ആരും ശാസ്ത്രീയമായി ചെറുപ്രായത്തിൽ തന്നെ പഠിച്ചിട്ടുണ്ടാവില്ലെന്നതാണ് ഒരു പരിധി വരെ ഇതിന് കാരണം. സ്‌കൂളുകളിൽ അടിസ്ഥാന പാഠങ്ങളുടെ കൂട്ടത്തിൽ ദൈനംദിന ജീവിതവുമായി ഏറെ ബന്ധപ്പെട്ട ആരോഗ്യ പാചകവും സുരക്ഷിതമായ അടുപ്പുപയോഗവുമെല്ലാം വിഷയീഭവിക്കേണ്ടതുണ്ട്.
അധിക വീടുകളിലും എൽ.പി.ജി സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഈ കാലത്ത് സുരക്ഷയ്ക്കായി അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നാം വിദഗ്ധരിൽ നിന്ന് തന്നെ പഠിച്ചു മനസ്സിലാക്കണം. വിദ്യാലയങ്ങളിൽ നിന്നും പകരുന്ന പാഠങ്ങൾ കൂടുതൽ ജീവിത ഗന്ധിയാവുന്നതിന് അതേറെ പ്രയോജനപ്പെടും.
ഗ്യാസ് സ്റ്റൗവിൽ നിന്ന് തീപ്പിടിത്തമുണ്ടായാൽ ആദ്യം തിരയേണ്ടത് വെള്ളമല്ല.
മറിച്ച് ബെഡ് ഷീറ്റ് പോലുള്ള തുണിയാണെന്നും അത് നനച്ച് തീപ്പിടിക്കുന്ന ഭാഗം മൂടുകയാണ് വേണ്ടതെന്നും അറിയാവുന്നവരുണ്ടായിരിക്കാം.
പക്ഷേ അത്തരക്കാർ അധികം കാണില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്.
സ്റ്റൗവിൽ ബർണറിലേക്കുള്ള ഗ്യാസ് പ്രവാഹം നിയന്ത്രിക്കുന്ന സംവിധാനമുണ്ട്. എന്നാൽ സിലിണ്ടറിനോടൊപ്പം തന്നെ കാര്യക്ഷമമായ റെഗുലേറ്റർ ഉണ്ടാവുകയാണെങ്കിൽ ഗാസ് ഉപയോഗം പരമാവധി ലാഭകരമാക്കാനും അപകടങ്ങൾ കുറയ്ക്കാനും കഴിയുമെന്നത് നടപ്പിൽ വരുത്താനാവുന്ന ഒരു മികച്ച സാധ്യതയാണെന്നതിലും സംശയമില്ല.