ശ്രീനഗര്‍- യുനെസ്‌കോയുടെ സര്‍ഗാത്മക നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ശ്രീനഗര്‍. കരകൗശലം, നാടോടി കലകള്‍ എന്നിവയ്ക്കുള്ള പ്രത്യേക പരാമര്‍ശത്തോടെയാണ് ശ്രീനഗര്‍ ഈ നേട്ടം സ്വന്തമാക്കിയത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം യുനെസ്‌കോയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. 246 നഗരങ്ങളുടെ പട്ടികയിലേക്ക് പുതുതായി 49 എണ്ണമാണ് കൂട്ടിച്ചേര്‍ത്തത്. നേട്ടത്തില്‍ ശ്രീനഗറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു. ജമ്മു കശ്മീര്‍ ജനതയെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നതിനായി കഴിഞ്ഞ നാല് വര്‍ഷമായി തയ്യാറെടുത്ത് വരികയായിരുന്നെന്ന് ഇന്‍ടാക് (ഐഎന്‍ടിഎസിഎച്ച്) ജമ്മു കശ്മീര്‍ ചാപ്റ്റര്‍ കണ്‍വീനര്‍ സലിം ബൈഗ് പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കരകൗശല വിദ്യ നിലനിര്‍ത്തിയ കലാകാരന്മാര്‍ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിന് പുറമേ ഗ്വാളിയോറും ഇതേ നേട്ടത്തിനുള്ള പട്ടികയിലുണ്ടായിരുന്നു. അവസാന നിമിഷമാണ് ശ്രീനഗറിന് നറുക്കു വീണതെന്നും ബൈഗ് വ്യക്തമാക്കി.