Sorry, you need to enable JavaScript to visit this website.

ഞാന്‍ നീതിക്കും സത്യത്തിനും  വേണ്ടിയുള്ള യുദ്ധത്തില്‍- ദിലീപ്

ആലുവ- നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് നടന്‍ ദിലീപ്. ഈ പോരാട്ടത്തില്‍ തന്റെ നാട്ടുകാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നും ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവേ നടന്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നേരിട്ട് പറയാതെയായിരുന്നു ദിലീപിന്റെ പരാമര്‍ശം. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലില്‍ കഴിഞ്ഞിരുന്നു. ഞാനിപ്പോള്‍ നേരിടുന്ന പ്രശ്‌നമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ജയിലില്‍ നിന്നിറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങളാണ് അവിടെ വന്ന് ആവേശം പകര്‍ന്നത്. എന്നെ മാറ്റിനിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് 'ഞങ്ങളുണ്ട് കൂടെ' എന്ന് പറയുന്ന ഈയൊരു നിമിഷം എന്നെ സംബന്ധിച്ച് വിലമതിക്കാനാവാത്തതാണ്. ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു- ദിലീപ് പറഞ്ഞു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും തീം സോങ് അവതരണവും ദിലീപ് നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍, വൈസ് ചെയര്‍പേഴ്‌സന്‍ ജെബി മേത്തര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

Latest News