ശ്രീനഗർ - സി.ആർ.പി.എഫിന്റെ ശ്രീനഗറിലെ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം നടത്താനുള്ള ശ്രമം സൈനന്യം പരാജയപ്പെടുത്തി. വെടിവയ്പ്പിൽ ഒരു ജവാന് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 4.30നാണ് സംശയകരമായി ക്യാമ്പിനടുത്ത് ആയുധങ്ങളും ഭാണ്ഡവുമായി രണ്ടു പേരെ കണ്ടത്. ഇതു ശ്രദ്ധയിൽപ്പെട്ട ഒരു സൈനികൻ മുന്നറിയിപ്പു നൽകുകയും വെടിവയ്ക്കുകയും ചെയ്തു. ഇതോടെ ഭീകരർ പിന്തിരിഞ്ഞോടുകയായിരുന്നെന്ന് സേനാ വക്താവ് പറഞ്ഞു. സമീപത്തെ ഒരു വീട്ടിൽ കയറി ഒളിച്ചിരിക്കുകയാണ് ഭീകരർ. ഈ വീട് സി.ആർ.പി.എഫ് വളഞ്ഞിരിക്കുകയാണ്. ഇടക്കിടെ വെടിവയ്പ്പ് നടക്കുന്നുണ്ട്.
ഭീകരർ രക്ഷപ്പെടാതിരിക്കാൻ കൂടുതൽ സേനയെ സി.ആർ.പി.എഫ് പ്രദേശത്ത് വിന്യസിച്ചു. രണ്ടു ദിവസം മുമ്പാണ് അഞ്ചു സൈനികർ ഉൾപ്പടെ ആറു പേരുടെ മരണത്തിനിടയാക്കിയ ജമ്മുവിലെ സുൻജുവൻ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം ഉണ്ടായത്.