കൊച്ചി- റോയ് മണപ്പള്ളില്‍ കഥയും തിരക്കഥയും ഗാനങ്ങളുമെഴുതി സംവിധാനം ചെയ്യുന്ന 'തൂലിക' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴഞ്ചേരിയില്‍ ആരംഭിച്ചു. പെഗാസസിന്റെ ബാനറില്‍ ജനിസിസ് നിര്‍മിക്കുന്ന 'തൂലിക'യില്‍ മാത്യൂസ് ജോണ്‍, അഞ്ജലി പുളിക്കല്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ടോണി, മോഹന്‍ അയിരൂര്‍, സംവിധായകന്‍ ജോഷി മാത്യു, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, െ്രെബറ്റ് സാം റോബിന്‍സ്, ജോയ് ജോണ്‍ ആന്റണി, ഹരിശ്രീ യൂസഫ്, ടോം ജേക്കബ്, രാജീവ് റോഷന്‍, സജീവ് ബാലകൃഷ്ണന്‍, ഊര്‍മിള ഉണ്ണി, ദേവിചന്ദന, സിന്ധു വേണുഗോപാല്‍, അനീഷ ജോണ്‍ , ഷിബു ആറന്മുള തുടങ്ങിയവരും അഭിനയിക്കുന്നു.
ഭാര്യ ശാലിനിയുടെ പേരില്‍ കഥകള്‍ എഴുതുന്ന ശരചന്ദ്രമേനോന്‍ എന്ന സാഹിത്യകാരന്റെ ജീവിത കഥയാണ് തൂലികയുടെ ഇതിവൃത്തം. ഭര്‍ത്താവെഴുതിയ രചനകളിലൂടെ ശാലിനി മേനോന്‍ സാഹിത്യ രംഗത്തു ഏറെ പ്രശസ്തി നേടുന്നു. പക്ഷെ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ കാരണം ശരചന്ദ്രമേനോന്‍ സ്വന്തം വീട് വിട്ടിറങ്ങുന്നതോടെ കഥയുടെ ഗതി മാറുന്നു. സ്വന്തം പേരില്‍ കഥകള്‍ എഴുതി പ്രസിദ്ധീകരിക്കുന്നതിന് ശ്രമിക്കുന്ന മേനോന് സാഹിത്യരംഗത്തു അറിയപ്പെടാത്ത ആള്‍ ആയതുകൊണ്ട് തന്റെ രചനകള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയാതെ പോകുന്നു. പുതിയ കഥകള്‍ എഴുതി കിട്ടുവാന്‍ തന്റെ അടുക്കല്‍ എത്തുന്നവര്‍ക്ക് മുന്‍പില്‍ ശാലിനി നിസ്സഹായയായി നില്‍ക്കേണ്ടി വരുന്നു. പിന്നീട് ഉണ്ടാകുന്ന ദുരന്തങ്ങള്‍ കഥയ്ക്ക് കൂടുതല്‍ പിരിമുറുക്കം നല്‍കുന്നു. ഭാവതീവ്രമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ കഥയില്‍ പ്രണയവും ഹാസ്യവും എല്ലാം ഒത്തുചേര്‍ന്ന് ശ്രദ്ധേയമായ ഒരു ചിത്രമായി 'തൂലിക' ഒരുക്കുന്നതിനാണ് സംവിധായകന്‍ ശ്രമിക്കുന്നത്.
സംവിധായകന്‍ തന്നെ രചിച്ച ഹൃദ്യമായ ആറു ഗാനങ്ങള്‍ ചിത്രത്തിന് ഏറെ മനോഹാരിത നല്‍കുന്നു. ലിപ്‌സണ്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ കെ.ജി. മാര്‍ക്കോസ്, രമേശ് മുരളി, അലോഷ്യസ്, ജെനി എന്നിവരാണ് ആലപിക്കുന്നത്.
'തൂലിക'യുടെ ഛായാഗ്രഹണം രാജേഷ് പീറ്ററും ചിത്രസംയോജനം ഡീജോ പി. വറുഗീസും നിര്‍വഹിക്കുന്നു. െ്രെബറ്റ് സാം റോബിന്‍സ് (പ്രൊജക്ട് ഡിസൈന്‍) , പട്ടണം റഷീദ് (മേക്കപ്പ്), കൃഷ്ണരാജ് മേലാറ്റൂര്‍, ജോസഫ് പി.ഒ (കല), കന്‍സി സിബി (വസ്ത്രാലങ്കാരം) , സാം കടമ്മനിട്ട (പശ്ചാത്തല സംഗീതം) , ബിവിന്‍ സാം (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), അരുണ്‍ ഷാജി (ടെക്‌നിക്കല്‍ കോര്‍ഡിനേഷന്‍) , ജിനീഷ് മാത്യു, തബ്ഷീര്‍ കറുപ്പംതൊടി (പ്രൊഡക്ഷന്‍ മാനേജര്‍മാര്‍), ചെറിയാന്‍ കിടങ്ങന്നൂര്‍ (സഹസംവിധാനം) , അഡ്വ. സജീവ് കരളകം, ലിബിന്‍ ദേവസ്യ (സംവിധാന സഹായികള്‍) തുടങ്ങിയവരാണ് മറ്റു അണിയറ ശില്‍പികള്‍.