തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാനിയെ നായകനാക്കി രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്ത് നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വെങ്കട്ട് ബോയ്‌നപ്പള്ളി നിര്‍മ്മാണം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ശ്യാം സിന്‍ഹ റോയിയുടെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഇതുവരെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രീകരണ വേളയിലെ ചില ചിത്രങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ചിട്ടുണ്ട്. 'റൈസ് ഓഫ് ശ്യാം' എന്ന ടാഗ് ലൈനോട് കൂടിയാണ് ഗാനം പുറത്തിറങ്ങുന്നത്. ബംഗാളി ചെറുപ്പക്കാരനായി ഒരു സോഫയില്‍ ഇരിക്കുന്ന നാനിയെയാണ് പുതിയ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.
ശ്യാം എന്ന കഥാപാത്രം ഇരിക്കുന്ന രീതിയും കയ്യില്‍ സിഗരറ്റ് പിടിച്ചിരിക്കുന്ന ശൈലിയും ആ കഥാപാത്രത്തിന്റെ ആഴം നമ്മളിലേക്ക് എത്തിക്കുന്നുണ്ട്. രാജകീയമായ ഈ ബംഗാളി ചെറുപ്പക്കാരന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് മിക്കി ജെ മെയര്‍ ആണ്. മറ്റു ഭാഷകളില്‍ റിലീസാവുന്നത് കൊണ്ട് തന്നെ എല്ലാ ഭാഷകളിലും ആരാധകരുള്ള നായികമാരെയാണ് ചിത്രത്തിനു വേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത്. സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാര്‍. മലയാളത്തിലും തമിഴ്‌ലും കന്നടയിലും നാനിക്ക് നിറയെ ആരാധകരുണ്ടെന്ന് 'ഈഗ' (ഈച്ച ) എന്ന ചിത്രത്തിലൂടെ മുന്നേ തെളിയിച്ചിട്ടുമുണ്ട് താരം.
രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീലാ സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.