തിരുവനന്തപുരം-ചെറിയ കാര്യങ്ങള്‍ക്ക് പോലും ലോണിനെ ആശ്രയിക്കുന്ന മലയാളികളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുകയാണ് ഇ എം ഐ എന്ന ചിത്രം .ജോജി ഫിലിംസിനു വേണ്ടി ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരത്തുമായി ആരംഭിച്ചു.
പ്രശസ്ത ഗായകന്‍ വിജയ് യേശുദാസ് ഈ ചിത്രത്തില്‍ ഗാനം ആലപിച്ചു കൊണ്ട് മലയാളത്തിലേക്ക് തിരിച്ചു വരുകയാണ്. ആദിവാസി നഞ്ചിയമ്മയും ആദ്യമായി ഒരു മലയാള ഗാനം ആലപിച്ചു എന്നത് ഒരു പ്രത്യേകതയാണ്. സംവിധായകന്‍ ജോബി ജോണ്‍, അകാലത്തില്‍ മരണമടഞ്ഞ അനുജന്‍ ജോജിയുടെ ഓര്‍മ്മ നിലനിര്‍ത്താനാണ്, ജോജി ഫിലിംസ് ആരംഭിച്ചത്. അതുപോലെ വര്‍ഷങ്ങളായി ജോബി ജോണിന്റെ മനസ്സിനെ അലട്ടിയിരുന്ന ഒരു കഥയാണ് ഈ ചിത്രത്തിനു വേണ്ടി അവതരിപ്പിക്കുന്നത്. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ ജയന്‍ ചേര്‍ത്തല, തോമസ് എന്ന കര്‍ഷകന്റെ വ്യത്യസ്ത വേഷത്തിലൂടെ ഈ ചിത്രത്തില്‍ എത്തുകയാണ്. ഉടുമ്പ്, ആറാട്ട്, ഭൂമിയിലെ മനോഹര സ്വകാര്യം, എന്റെ മഴ എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷത്തിലെത്തിയ യാമിസോണയാണ് ഈ ചിത്രത്തിലെ നായിക. ഒരു മൊബൈല്‍ ഫോണ്‍ എടുക്കാന്‍ പോലും ബാങ്ക് ലോണ്‍ എടുക്കുന്ന സ്വഭാവക്കാരാണ് മലയാളികള്‍.ഈ ബലഹീനത മുതലെടുക്കാനായി സ്വകാര്യ ബാങ്കുകള്‍ മല്‍സരിയ്ക്കുന്നു. അവര്‍ ലാഭം കൊയ്യുമ്പോള്‍, മാസാമാസമുള്ള ഇ എം ഐ അടക്കാന്‍ ബുദ്ധിമുട്ടുന്ന മലയാളികള്‍ ,അവസാനം ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാവുന്നു.ആധുനിക കാലഘട്ടത്തിലെ മലയാളികളുടെ ഈ ജീവിത പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയാണ് ഇ എം ഐ എന്ന ചിത്രം.
നല്ല നിലയില്‍ കുടുംബ ജീവിതം നയിച്ചവനാണ് സിജോ മാത്യു (ഷായി ശങ്കര്‍) പിതാവ് വര്‍ഗീസ് (സുനില്‍ സുഗത) ധൂര്‍ത്തനും, മദ്യപാനിയും ആയിരുന്നു. എങ്കിലും സിജോ കുടുംബം നല്ല നിലയില്‍ നടത്തി പോന്നു.പെട്ടന്നാണ് അവന് ചില സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നത്.അതില്‍ നിന്ന് മോചനം നേടാന്‍ അവന്‍ സ്വകാര്യ ബാങ്കുകളെ സമീപിച്ചു.അതോടെ സിജോയുടെ ജീവിതത്തിന്റെ താളം തെറ്റി.അതു പോലെ നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന തോമസ് (ജയന്‍ ചേര്‍ത്തല) എന്ന സാധാരണക്കാരനായ കര്‍ഷകനും സ്വകാര്യ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത്, ഇ എം ഐ അടക്കാനാവാതെ ആത്മഹത്യയുടെ വക്കിലെത്തുന്നു.മലയാളികളുടെ ആര്‍ഭാട ജീവിതത്തിലുള്ള ഭ്രമവും, അതുകൊണ്ട് തന്നെ അമിതമായി ബാങ്ക് ലോണിനെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടും എല്ലാം ഭംഗിയായി അവതരിപ്പിക്കുകയാണ് ഈ ചിത്രം. മലയാളത്തില്‍ ആദ്യമാണ് ബാങ്ക് ലോണുമായി ബന്ധപ്പെട്ട ഒരു കഥ സിനിമയാകുന്നത്. ജോജി ഫിലിംസിനു വേണ്ടി ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ എം ഐ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. തിരക്കഥ കൃഷ്ണപ്രസാദ് ,ഡി ഒ പി ആന്റോ ടൈറ്റസ്, എഡിറ്റര്‍ വിജി എബ്രഹാം, ഗാനരചന സന്തോഷ് കോടനാട്, അശോകന്‍ ദേവോദയം, സംഗീതം രാഗേഷ് സ്വാമിനാഥന്‍, അജി സരസ്, കല സുബാഹു മുതുകാട്, മേക്കപ്പ് മഹേഷ് ചേര്‍ത്തല, കോസ്റ്റും നിജു നീലാംബരന്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ്, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എസ്.ജോര്‍ജ്, ജാക്കുസൂസന്‍ പീറ്റര്‍, കരോട് ജയചന്ദ്രന്‍ ,ഗ്ലാട്‌സണ്‍ വില്‍സണ്‍, ജിനീഷ് ചന്ദ്രന്‍, സൗണ്ട് എഞ്ചിനീയര്‍ നൗഷാദ്, ഹെയര്‍ ട്രസറര്‍ ബോബി പ്രദീപ്, സ്റ്റില്‍ അഖില്‍, അഭിജിത്ത്, പി.ആര്‍.ഒ അയ്മനം സാജന്‍