കൊച്ചി- മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഓടിടിയില്‍ റിലീസ് ചെയ്യുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് മനസ് തുറന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മരക്കാര്‍ തിയേറ്ററില്‍ തന്നെ കാണിക്കണം എന്നാഗ്രഹിച്ച് എടുത്ത സിനിമയാണെന്നും എന്നാല്‍ അത് നടക്കാത്തതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ പ്രിയദര്‍ശന്‍ നിലപാട് അറിയിച്ചത്. ഇങ്ങനെയൊരു സിനിമ മലയാള സിനിമയ്ക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റാത്തതാണ്. നമ്മുടേത് ഒരു കൊച്ചു കേരളമല്ലേ. എങ്കിലും റിസ്‌ക് എടുത്തു. ഇതിന് മുമ്പ് കാലാപാനി എന്ന സിനിമയിറക്കി പൈസ നഷ്ടമായ ആളാണ് മോഹന്‍ലാല്‍. എന്നാല്‍ ഇത് നൂറു ശതമാനവും തീയേറ്ററില്‍ റിലീസ് ചെയ്യണമെന്ന മോഹത്തോടെയാണ് മോഹന്‍ലാലും ഞാനും തയ്യാറെടുത്തത്. റിസ്‌ക് എടുക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കുത്തുപാളയെടുപ്പിക്കാന്‍ പാടില്ല അതായിരുന്നു തീരുമാനത്തിന് പിന്നില്‍. ഇപ്പോ ഞാന്‍ ആന്റണിക്കൊപ്പമാണ്. രണ്ട് മൂന്ന് കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. കോവിഡിന് ശേഷം ഭയന്നിരിക്കുന്ന ആളുകളെ തീയേറ്ററുകളിലേക്ക് കൊണ്ടുവരാന്‍ പറ്റണം. അതിന് പറ്റിയ സിനിമയാണ് മരക്കാര്‍ അത് തീയേറ്ററുകാര്‍ക്ക് ഗുണം ചെയ്‌തേനെ. പക്ഷേ പരസ്പരം സഹായിച്ചാലേ പറ്റൂ. തീയേറ്ററുകാര്‍ക്ക് സംസ്‌കാരമില്ല. മോഹന്‍ലാല്‍ നടനല്ല ബിസിനസുകാരനാണെന്നൊക്കെ എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്. എല്ലാവരുമല്ല ചിലര്‍. സംസാരിക്കുമ്പോള്‍ മിനിമം സംസ്‌കാരമൊക്കെ വേണ്ടതാണെന്നും അദ്ദേഹം തുറന്നടിച്ചു.