കൊച്ചി- മോഹന്‍ലാലിന്റെയും സംവിധായകന്‍ പ്രിയദര്‍ശന്റേയും അനുവാദത്തോടെയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയുടെ ഒ.ടി.ടി റിലീസ് തീരുമാനിച്ചതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മലയാളത്തിലെ തന്നെ ഏറ്റവും വലിയ സിനിമയായ മരക്കാര്‍ തീയേറ്ററില്‍ വരണമെന്ന് തന്നെയാണ് ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മോഹന്‍ലാലിന്റെ ഇനിയുള്ള ചിത്രങ്ങളും ഒ ടി ടി റിലീസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നുവെങ്കിലും നടന്നില്ല. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട തീയേറ്റര്‍ ഉടമകള്‍ വിട്ടു വീഴ്ച ചെയ്തിട്ടില്ലെന്ന് നിര്‍മാതാവ് ആരോപിച്ചു.
മന്ത്രിയുമായുള്ള യോഗം ഇല്ലാതായതോടെയാണ് തീയേറ്ററില്‍ സിനിമ ഇറക്കുന്നതിന്റെ സാധ്യതകള്‍ ഇല്ലാതായത്. മരക്കാര്‍ സിനിമയ്ക്ക് 40 കോടി രൂപയോളം അഡ്വാന്‍സ് തന്നു എന്ന് കുറേ പ്രചരണം നടന്നു. പലരും അത് ആഘോഷമാക്കി. എന്നാല്‍ അത്രയും പണം തന്നിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് 230ഓളം തീയേറ്ററുകള്‍ക്കാണ് എഗ്രിമെന്റുകള്‍ അയച്ചത്. എന്നാല്‍ 89 തീയേറ്ററുകളുടെ എഗ്രിമെന്റുകള്‍ മാത്രമാണ് തിരിച്ച് കിട്ടിയത്. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് 4 കോടി 89 ലക്ഷം രൂപയാണ് തീയേറ്റര്‍ ഉടമകള്‍ അഡ്വാന്‍സ് തന്നതെന്നും അദ്ദേഹം പറഞ്ഞു.