ശ്രീനഗർ- ജമ്മു കശമീരിലെ സുഞ്ചുവാൻ സൈനിക ക്യാമ്പിനു നേർക്കുണ്ടായ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ശനിയാഴ്ച പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ രണ്ടു സൈനികർ മരിച്ചിരുന്നു. പരിക്കേറ്റവരിൽ മൂന്ന് സൈനികർ കൂടി ഞായറാഴ്ച മരിച്ചു. ആയുധങ്ങളുമായി ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി 36ാം ബ്രിഗേഡിന്റെ സൈനിക ക്യാമ്പിലേക്ക് അതിക്രമിച്ചു കടന്ന ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം അഴിച്ചുവിട്ടത്. ഇവരെ തുരത്താനുള്ള സൈനിക ഓപറേഷൻ ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച രാത്രി വെടിവയ്പ്പ് ഉണ്ടായിട്ടില്ല. ക്യാമ്പിനകത്തെ ഫാമിലി ക്വാർട്ടേഴ്‌സുകളിൽ നിന്ന് സൈനികരേയും കുടുംബാംഗങ്ങളേയും സുരക്ഷിതമായി ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യുദ്ധവേഷം ധരിച്ചെത്തിയ സായുധരായ രണ്ടു ഭീകരരെ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയിട്ടുണ്ട്്. സൈനികരും സ്ത്രീകളും കുട്ടികളുമടക്കം ഒമ്പതു പേർക്കാണ് ദിവസം മുഴുവൻ നീണ്ടുനിന്ന വെടിവയ്പ്പിൽ പരിക്കേറ്റത്.
രണ്ടോ മൂന്നോ ഭീകരർ ഇപ്പോഴും സൈനിക ക്യാമ്പിനകത്ത് ഒളിഞ്ഞിരിപ്പുണ്ടെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. ഭീകര വിരുദ്ധ ഓപറേഷൻ വിലയിരുത്തുന്നതിന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഞായറാഴ്ച രാവിലെ ജമ്മുവിലെത്തി. ആക്രമണത്തെ തുടർന്ന ജമ്മുവിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.