Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ഇനി വാട്സാപ്പ്  വഴിയും പണമയക്കാം

ന്യൂദല്‍ഹി- ചാറ്റിലൂടെ പണം കൈമാറ്റം സാധ്യമാക്കുന്ന സംവിധാനം വാട്സാപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡിജിറ്റല്‍ പേമെന്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന വാട്സാപ്പിലെ ഈ മാറ്റം വഴി ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പരസ്പരം പണമിടപാടുകള്‍ നടത്താം. ഇതിനായി ബാങ്ക് അക്കൗണ്ട് വാട്സാപ്പില്‍ പുതുതായി ചേര്‍ത്ത യുനിഫൈഡ് പേമെന്റ്സ് ഇന്‍ര്‍ഫേസു(യുപിഐ) മായി ബന്ധിപ്പിക്കുകയെ വേണ്ടതുള്ളൂ. ബാങ്ക അക്കൗണ്ടുമായി ബന്ധപ്പിച്ച ഫോണ്‍ നമ്പറില്‍ ആയിരിക്കണം വാട്സാപ്പ് ഉപയേഗിക്കേണ്ടത് എന്നു മാത്രം. 

എല്ലാവര്‍ക്കും ഈ അപ്ഡേറ്റ് ലഭിച്ചിട്ടില്ല. പടിപടിയായി എല്ലാവരിലുമെത്തിക്കുമെന്നാണ് വാട്സാപ്പ് പറയുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റ് ലഭിച്ച വാട്സാപ്പിലെ 'സെറ്റിങ്സ്' ടാബില്‍ ബാങ്ക് അക്കൗണ്ട് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യുപിഐയുമായി ബന്ധിപ്പിക്കാനുള്ള പുതിയ ഒപ്ഷന്‍ ഉണ്ട്. ഇതു ലിങ്ക് ചെയ്ത ശേഷം ചാറ്റ് വിന്‍ഡോയിലെ അറ്റാച്്മെന്റ് ബട്ടണ്‍ ടാപ് ചെയ്താല്‍ ഇപ്പോള്‍ ഗാലറി, കോണ്‍ടാക്ട്, ഷെയര്‍ ലൊക്കേഷന്‍ എന്നീ ഓപഷനുകള്‍ക്കൊപ്പം പുതിയ പേമെന്റ് ബട്ടണ്‍ കൂടി കാണാം. ഇതുവഴിയാണ് പണം കൈമാറ്റം.

സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേഗത്തില്‍ പണം കൈമാറാന്‍ ഇനി വാട്സാപ്പ് മതി. എന്നാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനോ പര്‍ച്ചേസുകള്‍ നടത്താനോ ഇപ്പോള്‍ സാധ്യമല്ല. വാട്സാപ്പില്‍ തന്നെ പേമെന്റ് സാധ്യമാക്കുന്നതിന് വിവിധ ബാങ്കുകളുമായി വാട്സാപ്പ് ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. 

ബാങ്കുകള്‍ തമ്മിലുള്ള ഡിജിറ്റല്‍ പണം കൈമാറ്റം സാധ്യമാക്കുന്ന സംവിധാനമാണ് യുപിഐ. നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ ഇന്റര്‍ഫേസ് ആണ് വിവിധ ഇ-വാലറ്റ് ആപ്പുകളും ബാങ്കുകളുടെ ആപ്പുകളും മൊബൈല്‍ വഴിയുള്ള ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്ക് ഉപയോഗിക്കുന്നത്.


 

Latest News