Sorry, you need to enable JavaScript to visit this website.

ജയ് ഭീമിലെ ചന്ദ്രു ജീവിക്കുന്ന കഥാപാത്രം, മനുഷ്യാവകാശ പോരാട്ടത്തിന്റെ കഥ

ആമസോണ്‍ െ്രെപം വീഡിയോ പ്രേക്ഷകരിലെത്തിച്ച പുതിയ ചിത്രമായ ജയ് ഭീം വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, രജിഷ വിജയന്‍, ലിജോമോള്‍ ജോസ് എന്നിവര്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് ഒരു പൈസ പോലും ഈടാക്കിയിട്ടില്ലാത്ത ഒരു മുതിര്‍ന്ന അഭിഭാഷകന്‍ നടത്തിയ യഥാര്‍ത്ഥ ജീവിതത്തിലെ ഒരു കേസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചന്ദ്രു 1995ല്‍ ആദിവാസി സമൂഹത്തിന്റെ നീതിക്കുവേണ്ടി പോരാടി. ഇരുളര്‍ സമുദായത്തില്‍പ്പെട്ട ഒരു ആദിവാസി സ്ത്രീയുടെ കേസിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇവരുടെ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലാണ്  മരിച്ചത്.
ആദിവാസി സമൂഹം നേരിടുന്ന കസ്റ്റഡി പീഡനങ്ങളെക്കുറിച്ചും ജാതി വിവേചനത്തെക്കുറിച്ചും ചിത്രം സംസാരിക്കുന്നു.
ചന്ദ്രു ആക്ടിവിസ്റ്റായി മാറിയ അഭിഭാഷകനാണ്. പിന്നീട് മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായി. ജഡ്ജിയെന്ന നിലയില്‍  മനുഷ്യാവകാശവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിധികളോടെ 96,000 കേസുകളില്‍ അദ്ദേഹം തീര്‍പ്പാക്കി.

ജാതി പരിഗണിക്കാതെ എല്ലാവര്‍ക്കും പ്രാപ്യമായ പൊതു ശ്മശാന സ്ഥലങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള വിധി  ഇദ്ദേഹം നല്‍കിയ ഉത്തരവുളില്‍ ഉള്‍പ്പെടുന്നു.
അഭിഭാഷകനായി ജോലി ചെയ്തിരുന്ന കാലത്ത് മനുഷ്യാവകാശവുമായി ബന്ധപ്പെ്ടട കേസുകള്‍ക്കായി അദ്ദേഹം ഒരു രൂപ പോലും ഈടാക്കിയിട്ടില്ല.
താഴ്ന്ന സാമ്പത്തിക പശ്ചാത്തലമുള്ളവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി  നിരവധി കേസുകളില്‍ വാദിച്ചിട്ടുണ്ട്.
2006 ജൂലായ് 31ന് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായ അദ്ദേഹം 2009 നവംബര്‍ ഒമ്പതിനാണ് സ്ഥിരം ജഡ്ജിയായത്. 2013 മാര്‍ച്ചില്‍ ജഡ്ജിയായി വിരമിച്ചു. ജുഡീഷ്യറിയില്‍ പരിഷ്‌കരണവാദിയായിരുന്നു അദ്ദേഹം.
ചന്ദ്രു വാദിച്ച് ജയിച്ച  ഏറ്റവും പ്രശസ്തമായ കേസുകളിലൊന്ന് സിനിമ നന്നായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് പൊതുവെ നിരൂപകരുടെ ഭാഗത്തുനിന്നുള്ള അഭിപ്രായം.

28 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ കഥ നടക്കുന്നത്. 1993 ല്‍ ഒരു യോഗത്തിനായി നെയ്‌വേലി അടുത്തുള്ള ഒരു ഗ്രാമത്തില്‍ പോയപ്പോള്‍ തന്റെ ഭര്‍ത്താവിനെ കാണിനില്ലെന്ന പരാതിയുമായി രാജാക്കണ്ണിന്റെ ഭാര്യ എന്റെ അടുത്ത് വരികയായിരുന്നുവെന്ന് ജസ്റ്റിസ് ചന്ദ്രു പറയുന്നു.  തുടര്‍ന്ന് ഒരു ഹേബിയസ് കോര്‍പ്പസ് ഹരജി ഹൈക്കോടതിയില്‍ നല്‍കി. രാജാക്കണ്ണിനൊപ്പം പോലീസ് അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ സഹോദരിയുടെ മക്കളായ രണ്ട് പേരെയും കാണാനില്ലായിരുന്നു. മൂന്ന് പേരും സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടുവെന്നായിരുന്നു പോലീസിന്റെ വാദം.

ഇതിനായി ചില കള്ളസാക്ഷികളേയും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കോടതിയില്‍ പോലീസ് വാദങ്ങളെല്ലാം തെറ്റാണെന്ന് സ്ഥാപിക്കാന്‍ സാധിച്ചു. സാക്ഷികളെ വിസ്തരിക്കുന്ന ഘട്ടത്തില്‍ ഏറ്റവും പ്രയാസമേറിയത് സ്‌റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട രാജാക്കണ്ണിന്റെ സഹോദരി മക്കളെ കണ്ടെത്തി കോടതിയില്‍ എത്തിക്കുക എന്നതായിരുന്നു. ഒടുവില്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ വീട്ടു ജോലിക്കാരായി നിന്നിരുന്ന അവരെ കണ്ടെത്തി കോടതിയില്‍ എത്തിച്ച് വിസ്താരം നടത്തിയപ്പോഴാണ് രാജാക്കണ്ണ് ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടെതാണെന്നും ഇതൊരു കൊലാപതകമാണന്നും വ്യക്തമാവുന്നത്- അദ്ദേഹം പറഞ്ഞു.
ജഡ്ജിയായി വിരമിച്ചതിന് ശേഷം പല അഭിമുഖങ്ങളിലും വക്കീല്‍ ജീവത്തിനിടയില്‍ വാദിച്ച ഏറ്റവും പ്രമാദമായ കേസ് എന്ന നിലയില്‍ ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്.  ഒരിക്കല്‍ നെയ്‌വേലിയില്‍ നടക്കുന്ന ഒരു പുസ്തകമേളയിലേക്ക് ഞാനും സംവിധായകന്‍ ജ്ഞാനവേലുവും ഒരുമിച്ച് കാറില്‍ യാത്ര ചെയ്തപ്പോഴാണ് ഈ കഥ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. എന്തുകൊണ്ട് ഇതൊരു സിനിമയാക്കിക്കൂടായെന്ന് ജ്ഞാനവേല്‍ ചോദിച്ചു.  അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വിവരങ്ങള്‍ എല്ലാം ശേഖരിച്ച് അദ്ദേഹം ഒരു സ്‌റ്റോറി  തയ്യാറാക്കുകയായിരുന്നു.
സിനിമ എടുക്കുമ്പോള്‍ അത് ആര്‍ക്കെങ്കിലും പ്രയോജനപ്പെടണം, അല്ലാതെ വെറുതെ ഒരു െ്രെകം സ്‌റ്റോറി പറഞ്ഞ് പോയതുകൊണ്ട് കാര്യമില്ല. അങ്ങനെയാണ് ഇരുളരുടെ വിഷയം എന്തുകൊണ്ട് സിനിമയിലുടെ ശ്രദ്ധയില്‍ കൊണ്ടുവന്നുകൂടാ എന്ന് ആലോചിച്ചത്.
കൊമേഴ്ഷ്യല്‍ ബാനറില്‍ തന്നെ ചിത്രം പുറത്തിറങ്ങണം എന്ന തീരുമാനത്തില്‍ മുന്നോട്ട് പോവുകയും അവസാനം നിര്‍മാണം സൂര്യ ഏറ്റെടുക്കുകയുമായിരുന്നു.  95 ശതമാനവും യഥാര്‍ത്ഥ കഥയോട് നീതി പുലര്‍ത്തി എന്നുള്ളതാണ് ജയ് ഭീമിന്റെ വിജയം. ചില കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി എന്നുള്ളത് മാത്രമാണ് വ്യത്യാസം.

 

Latest News