കരുവാറ്റ- നീണ്ട ഇടവേളയ്ക്ക് ശേഷം തീയറ്റര്‍ തുറന്നതോടെ തങ്ങളുടെ പ്രിയ താരങ്ങളുടെ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകരെല്ലാം. അത്തരത്തില്‍ വളരെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ്. സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ പ്രൊമോഷന്‍ മികച്ച രീതിയില്‍ തന്നെ നടക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പ്രൊമോഷനെതിരെ കടുത്ത വിമര്‍ശങ്ങളും ഉയര്‍ന്നു വരികെയാണ്. കുറുപ്പ് ടീ ഷര്‍ട്ട് അണിഞ്ഞുള്ള സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ദുല്‍ഖര്‍ തന്റെ പേജില്‍ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ചാണ് 'കുറുപ്പ്' സ്‌പെഷല്‍ ടീ ഷര്‍ട്ടുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. ഇതിനു പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത്.
ഒരു കൊലയാളിയുടെ പേര് ഇത്തരം പ്രമോഷനുകള്‍ക്ക് ഉപയോഗിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് സോഷ്യല്‍മീഡയയിലെ ഒരുകൂട്ടംപേര്‍ പറയുന്നത്. ഇതു കൂടാതെ വിഷയവുമായി ബന്ധപ്പെട്ട് മിഥുന്‍ മുരളീധരന്‍ എന്ന വ്യക്തിയുടെ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. സുകുമാരക്കുറിപ്പിനാല്‍ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബാംഗങ്ങളെ ഇത്തരം ആഘോഷങ്ങള്‍ വേദനിപ്പിക്കുമെന്നും സ്വന്തം അച്ഛന്റെ കൊലപാതകിയുടെ പേരെഴുതിയ ടീ ഷര്‍ട്ടുകള്‍ കാണുന്ന ചാക്കോയുടെ മകന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ എന്ന തരത്തിലാണ് മിഥുന്‍ എഴുതിയിരിക്കുന്നത്. യഥാര്‍ഥത്തില്‍ സ്വന്തം അച്ഛനെ ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത ഒരു ജിതിന്‍ ഇവിടെ ജീവിക്കുന്നുണ്ട്. അയാള്‍ക്ക് തീര്‍ച്ചയായും മേല്‍പ്പറഞ്ഞ ഈ വികാരങ്ങള്‍ തോന്നുന്നുണ്ട്. അയാള്‍ ഇതിനെപ്പറ്റി പറഞ്ഞവ ഒരിക്കല്‍ എങ്കിലും ഒന്ന് കേള്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കുക. 'ഒരിക്കല്‍പ്പോലും ഞാനെന്റെ അപ്പന്റെ മുഖം കണ്ടിട്ടില്ല. അപ്പന്‍ കൊല്ലപ്പെടുമ്പോള്‍ എന്റെ അമ്മ ആറ് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലും തികഞ്ഞിരുന്നില്ല. ആര്‍ത്തുങ്കല്‍ പള്ളിയിലേക്ക് കൊണ്ടുപോകാം എന്ന് അമ്മയ്ക്ക് വാക്ക് നല്‍കിയാണ് അപ്പന്‍ അന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. പിന്നെ തിരിച്ചു വന്നില്ല. ജീവിതത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരുപാട് പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളുമുണ്ട്. അതിനിടയില്‍ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പിന്നെ ശ്രദ്ധിച്ചില്ല.' എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ കണ്ടപ്പോള്‍ മനസ്സിലെനിക്ക് വല്ലാത്ത വേദന തോന്നി. ഞാനത് അമ്മയെയും കാണിച്ചു. അമ്മയും തകര്‍ന്നുപോയി. കഥാപാത്രമായ സുകുമാരക്കുറുപ്പിന്റെ 'ഇനി ഞാന്‍ വിചാരിക്കണം എന്നെ പിടിക്കാന്‍'എന്ന സംഭാഷണം കൂടി കേട്ടപ്പോള്‍ ആകെ തകര്‍ന്നു. എന്റെ അപ്പനെ കൊന്നയാളെ മഹത്വവല്‍ക്കരിക്കുകയാണെന്ന് എനിക്ക് തോന്നി. അപ്പന്റെ മരണ വാര്‍ത്തയറിഞ്ഞതിന്റെ അന്ന് അമ്മയുടെ അപ്പന്‍ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പന്റെ അമ്മ കിടപ്പിലായി'. 'പിന്നീട് അമ്മ എന്നെ പ്രസവിച്ചതും ഒറ്റയ്ക്ക് വളര്‍ത്തിയതും ഒരുപാട് യാതനകള്‍ അനുഭവിച്ചായിരുന്നു. അമ്മയ്ക്ക് ഇപ്പോള്‍ അതൊന്നും ഓര്‍ക്കാനോ അതെക്കുറിച്ച് സംസാരിക്കാനോ ഇഷ്ടമല്ല. പക്ഷേ മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും അപ്പനെ കൊന്നയാളുടെ പേര് കേള്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ എന്റെ അപ്പനെ കൊന്നവന്‍ പൊതുജനത്തിന് മുന്നില്‍ ഹീറോ ആയി തീരുമോ എന്ന ഭയം എനിക്കുണ്ട്. അയാളുടെ ക്രൂരതയുടെ പരിണിതഫലം അനുഭവിച്ച ഞങ്ങള്‍ക്ക് അതൊരിക്കലും താങ്ങാനാകില്ല..' കുറുപ്പ് സിനിമ ഇറങ്ങുന്നതിനോടല്ല, ഇത്തരം ആഘോഷങ്ങളോട് ആണ് എതിര്‍പ്പ്. ആത് ദുല്‍ഖര്‍ പ്രൊമോട്ട് ചെയ്യുന്ന രീതികളോടും. സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സുകുമാര കുറുപ്പായി ദുല്‍ഖര്‍ സല്‍മാനും കെ.ജെ. ചാക്കോ ആയി ടൊവിനോ തോമസുമാണ് വേഷമിടുന്നത്. ചിത്രത്തിന്റെ നിര്‍മാണവും ദുല്‍ഖര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ചിത്രം ഈ മാസം 12 ന് തീയറ്ററുകളിലെത്തും.