തൃശൂര്‍- അടുത്തിടെ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയതിന്റെ പേരില്‍ വാര്‍ത്തകളിലും ട്രോളുകളിലും നിറഞ്ഞ താരമാണ് നടി ഗായത്രി സുരേഷ്. ഒരു ഓണ്‍ലൈന്‍ ചാനലിന് ഗായത്രി നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിനോടുള്ള പ്രണയത്തെ കുറിച്ചാണ് ഗായത്രി വാചാലയായത്. ഇത് ട്രോളുകളിലും നിറയുകയാണ്. ആരെങ്കിലും ഗായത്രിയെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്. 'ഒരുപാട് ചേട്ടന്‍മാര്‍ പ്രെപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് ആരോടും അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. എന്റെ മനസ്സില്‍ ഒരാളേയുള്ളു പ്രണവ് മോഹന്‍ലാല്‍. പ്രണവിന് ഇതൊന്നും അറിയില്ല എന്നതാണ് വേറൊരു സത്യം' എന്ന് ഗായത്രി പറയുന്നു. പ്രണവിനെ എങ്ങനെയെങ്കിലും ഇത് അറിയിക്കാം എന്ന് അവതാരകന്‍ പറയുമ്പോള്‍ അത് തന്നെയാണ് താന്‍ ഇത് പറയാന്‍ കാരണമെന്നും ഗായത്രി വ്യക്തമാക്കുന്നു. പ്രണവ് തന്നേക്കാള്‍ ഒരുപാട് മുകളില്‍ നില്‍ക്കുന്ന ആളാണ്. തന്റെ ഈ പടങ്ങള്‍ ഒക്കെ ഇറങ്ങി, താനും ആ ഒരു ലെവലില്‍ എത്തുമ്പോള്‍ ചിലപ്പോള്‍ നടക്കാമായിരിക്കാം എന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു. പ്രണവിനോടുള്ള ഇഷ്ടത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പും ഗായത്രി പറഞ്ഞിട്ടുണ്ട്. ലാലേട്ടന്റെ മരുമകള്‍ ആവാനുള്ള പരിപാടി ആണല്ലേ എന്നും ചോദിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ഇത് ആഘോഷിക്കുന്നത്.